കൊച്ചി: കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരം ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടിയെ ആക്രമിച്ച് കേസിന്‍റെ വിചാരണ തുടങ്ങുന്നത്.

കേസ് പരിഗണിക്കാൻ വനിത ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കൊച്ചി സിബിഐ കോടതി ജഡ്ജിയാണ് വാദം കേള്‍ക്കുക. കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അടക്കമുള്ളവർക്കും അവസരവും നൽകിയിരുന്നു. 136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. ഇന്ന് അക്രമണത്തിന് ഇരയായ നടിയെ വിസ്തരിക്കും. അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്‍റെയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ പകർത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാർ മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സംഭവം നടിയെ ആക്രമിച്ച് കേസിനൊപ്പം വിചാരണ നടത്തരുതെന്നും രണ്ടും രണ്ട് കേസായി പരിഗണിച്ച് പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപ് അനാവശ്യ ഹർജി നൽകി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ ഹൈക്കോടതി അടുത്ത ദിവസം വിധി പറയും.