തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്്കേരള-തമിഴ്‌നാട് അതിര്‍ത്തി കടന്നുവന്ന ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് അഞ്ചലീന വിന്‍സന്റിനും ഭര്‍ത്താവിനുമെതിരെയാണ് കേസ്.

അഞ്ചലീനയെ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് വിന്‍സന്റ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിച്ചത്. കാഞ്ഞിരംകുളം സ്വദേശികളാണ് ഇരുവരും. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ പത്തോളം കൊവിഡ് കേസുകള്‍ നിലവിലുള്ളതിനാല്‍ അഞ്ചലീന വിന്‍സന്റിനെ ക്വാറന്റൈനിലാക്കിയതായി പൊലീസ് അറിയിച്ചു. 

എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്ന സംഭവത്തിലും പൊലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി.  പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം.  തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് ഡിവൈഎസ്പി  അനുവദിച്ച പാസുമായാണ് അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്.  അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിർത്തികൾ കടക്കാൻ സഹായിച്ച കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. 

Read Also: എക്സൈസ് ഉദ്യോഗസ്ഥന്‍റെ കത്തുമായി അതിര്‍ത്തി കടന്നു; കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികക്കെതിരെ കേസ്...