Asianet News MalayalamAsianet News Malayalam

പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതി; സാബു എം ജേക്കബിനെതിരെ ജാമ്യമില്ലാ കേസ്

ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം എൽ എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. 

Case against Sabu M Jacob Complaint by PV Srinijin mla
Author
First Published Dec 9, 2022, 9:34 AM IST

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ ജാതിഅധിക്ഷേപ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ്. പട്ടികജാതി പീഢന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായ തന്നെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ച ട്വന്‍റി 20 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎൽഎയുടെ പരാതി.

ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന ഈ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജന്‍റെ പരാതിയിൽ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്പർമാരും ആണ് പുത്തൻകുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികൾ.

സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തലിൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എൽഡിഎഫ് എംഎൽഎ പി വി ശ്രീനിജനും 20 ട്വന്‍റിയും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios