മലപ്പുറം: ക്വാറന്റൈന്‍ ലംഘിച്ച് പ്രിൻസിപ്പാൾ സ്കൂളിലെത്തിയ സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട്  മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ അഹമ്മദ് സവാദിനെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. പ്രിന്‍സിപ്പലുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

പ്രിന്‍സിപ്പാളിനും ഭാര്യക്കും കുടുംബത്തിന്റെ മറ്റ് മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇവരുടെ കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ പ്രിന്‍സിപ്പല്‍ സ്‌കൂളിലെത്തുകയായിരുന്നു.