സമൂഹത്തിൽ കലാപമുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.

കാസർ​ഗോഡ്: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീ​ഗ് നേതാവിനെതിരെ കേസ്. മുസ്ലീം ലീ​ഗ് നേതാവ് ബഷീർ വെള്ളിക്കോത്തിന് എതിരെയാണ് ഹോസ്ദുർ​ഗ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ കലാപമുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസ്.

26 പേർക്കാണ് ഭീകരരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്. പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ രണ്ട് തീവ്രവാദികളുടെ വീടുകൾ ഭരണകൂടം തകർത്തു. ആക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്. 

Read More:'ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ല, ഇത് ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടം'; മോഹൻ ഭാ​ഗവത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം