കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ഉയരുന്നതിനിടെ സിബിസിഐ സംഘം റായ്പൂരിൽ എത്തി. കന്യാസ്ത്രീകൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് സിബിസിഐ വ്യക്തമാക്കി.
റായ്പുർ: കന്യാസ്ത്രീകളുടെ അറസ്റ്റിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സിബിസിഐ സംഘം ദില്ലിയിൽ നിന്ന് റായ്പൂരിൽ എത്തി. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളുമാണ് എത്തിയത്. സിബിസിഐ അടക്കം കന്യാസ്ത്രീകൾക്ക് വേണ്ടി ഇടപെടുന്നില്ല എന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ വിമർശനം തള്ളി സിബിസിഐ കന്യാസ്ത്രീകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്
കന്യാസ്ത്രീകൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് സിബിസിഐ വ്യക്തമാക്കി. കേന്ദ്ര മന്ത്രിയുടെ വിമർശനത്തോട് പ്രതികരിക്കാൻ ഇല്ല. സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് അതിരൂപതയാണ്. കോടതിയിൽ വലിയ പ്രതീക്ഷ എന്നും സിബിസിഐ വനിതാ കൗൺസിൽ സെക്ര സിസ്റ്റർ ആശാ പോൾ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യന് എതിരെ കടുത്ത പ്രതിഷേധമാണ് സിബിസിഐ ഉയര്‍ത്തുന്നത്. ഇന്നലത്തെ വിമർശനത്തിൽ മറുപടിയായി സിബിസിഐ പ്രസ്താവന ഇറക്കും. ജോര്‍ജ് കുര്യൻ അൽപ്പം ജാഗ്രതയോടെ പ്രതികരിക്കണമായിരുന്നു എന്ന് സിബിസിഐ അറിയിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പരസ്യമായി പിന്തുണയ്ക്കുമ്പോഴും ന്യൂനപക്ഷകാര്യ മന്ത്രി വിമർശിച്ചത് ശരിയായില്ല. കേന്ദ്രമന്ത്രി തങ്ങൾക്ക് ഒപ്പം നിൽക്കണം എന്നും സിബിസിഐ നേതൃത്വം ആവശ്യപ്പെടും
കീഴ്‌കോടതിയിൽ ജാമ്യാപേക്ഷ നൽകിയതിൽ സിബിസിഐക്ക് വിവരം ഇല്ല. കീഴ്ക്കോടതി ജാമ്യം തള്ളിയത് സ്വാഭാവിക നടപടിയാണ്. സെഷൻസ് കോടതി കൈകാര്യം ചെയ്യേണ്ട വകുപ്പുകൾ ആണ് കേസിൽ ഉള്ളത്. സിബിസിഐ ലീഗൽ സെൽ, ട്രൈബൽ സെൽ പ്രതിനിധികൾ ഛത്തീസ്ഗഢിൽ എത്തി എന്നും സഭാ നേതൃത്വം അറിയിച്ചു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


