തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതിയും സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ കുടുംബത്തിന്‍റെ ആരോപണം നേരിടുകയും ചെയ്യുന്ന വിഷ്ണു സോമസുന്ദരത്തിന്‍റെ വീട്ടില്‍ സിബിഐ റെയ്ഡ്. 

റെയ്ഡിനിടെ വിഷ്ണുവിന്‍റെ വീട്ടില്‍ നിന്നും വിദേശ നിര്‍മ്മിത മദ്യവും കണ്ടെത്തി. 20 കുപ്പി വിദേശ നിര്‍മ്മിത മദ്യമാണ് വിഷ്ണുവിന്‍റെ വീട്ടില്‍ നിന്നും സിബിഐ പിടികൂടിയത്. മദ്യം കണ്ടെത്തിയ വിവരത്തെ തുടര്‍ന്ന് എക്സൈസ് വകുപ്പ് വിഷ്ണുവിനെതിരെ കേസെടുത്തു. 

വിഷ്ണുവിനെ കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. ബുധനാഴ്ച ഒരേ സമയത്താണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.