തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും വരെ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. 

കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രിയാണ് ആഭ്യന്തര സെക്രട്ടറിക്ക് നി‍ർദ്ദേശം നൽകിയത്. നാല് പ്രതികളേയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിവിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി തുടർ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനുൾപ്പെടെ വീഴ്ച വന്നതായി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 

സർക്കാരിനെതിരെ വരെ ആക്ഷേപമുയർന്ന സാഹചര്യത്തിൽ കൂടിയാണ് അന്വേഷണം സിബിഐക്ക് വിടുന്നത്. ഇതേ ആവശ്യമുന്നയിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. മൂത്ത പെൺകുട്ടി കൊല്ലപ്പെട്ട് നാല് വ‍ർഷം പൂർത്തിയാകാൻ 2 ദിവസം ബാക്കി നിൽക്കെയാണ് കേസ് സിബിഐക്ക് വിടുന്നത്

വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഈ മാസം 20ന് പ്രതികളെ പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിന്റെ വിജ്ഞാപനം വന്ന ശേഷം വിചാരണ കോടതിയെ കാര്യങ്ങളറിയിക്കുമെന്ന് സ‍ർക്കാർ അഭിഭാഷകൻ അറിയിച്ചു. 

2017 ജനുവരി 13, മാർച്ച് 4 എന്നീ തിയതികളിലാണ് വാളയാർ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019ൽ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിൻമേൽ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു. കേസ് അട്ടമറിച്ച പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് 13ന് കുടുംബമുൾപ്പെടെയുളള സമരസമിതി തുടർസമരം പ്രഖ്യാപിച്ചിരുന്നു.