നീതി കിട്ടുംവരെ പോരാടുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിയമ സംവിധാനത്തിലെ പഴുതുകള്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥന്‍റെ അമ്മ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ ഇഴഞ്ഞുനീങ്ങുകയാണ് സിബിഐ നടപടികൾ. പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. കൊലപാതക സാധ്യതയെകുറിച്ചടക്കം അന്വേഷണം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. 

ഹോസ്റ്റൽ മുറിയിൽ സിദ്ധാർത്ഥന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണം അക്കമിട്ട് നിരത്തിയാണ് സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേരള പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ 19 വിദ്യാർഥികൾ തന്നെയാണ് സിബിഐ കുറ്റപത്രത്തിലെയും പ്രതികൾ. ക്രൂരമായ മർദ്ദനവും അപമാനവും നേരിട്ടതിലുള്ള മാനസിക സമ്മർദ്ദം ആണ് സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സിബിഐയുടെയും കണ്ടെത്തൽ. 

പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് ഇരുപത് ദിവസത്തിനുള്ളിൽ തന്നെ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചതെന്ന് സിബിഐ അന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ അധിക കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ സംഘം അന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അന്വേഷണമുണ്ടായില്ല. കേസിൻ്റെ വിചാരണയും തുടങ്ങിയിട്ടില്ല. എന്നാൽ സിബിഐ റിപ്പോർട്ടിനെ കുറിച്ചും സിദ്ധാർത്ഥൻ്റെ കുടുംബത്തിന് പരാതിയുണ്ട്. കുറ്റവാളികളായ വിദ്യാർഥികളിൽ ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി എന്നടക്കം ആരോപണം കുടുംബം ആവർത്തിക്കുന്നു.

Also Read: ക്രൂരമായ റാഗിങ്, പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം

സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായില്ലെന്ന് കുടുംബം പറയുന്നു. സിദ്ധാര്‍ത്ഥനെതിരെ വ്യാജ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ നടപടിയില്ല. കരുതിക്കൂട്ടി നടപ്പാക്കിയ കൊലപാതമാണ് നടന്നത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അതുവരെ നീതികിട്ടിയെന്ന് പറയാന്‍ കഴിയില്ലെന്നും കുടുംബം ആവശ്യപ്പെട്ടു. നീതി കിട്ടുംവരെ പോരാടുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിയമ സംവിധാനത്തിലെ പഴുതുകള്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥന്‍റെ അമ്മ കുറ്റപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം