ജസ്ന തിരോധാനം: മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും
ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമം. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു
കോട്ടയം : ജസ്ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ ഏഷ്യാനെറ്റ് ന്യൂസിലൂടെയുളള വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും. ജസ്നയുടെ തിരോധാനവും മുണ്ടക്കയം സ്വദേശിനി വെളിപ്പെടുത്തിയ കാര്യങ്ങളും തമ്മിൽ ഏതെങ്കിലും വിധത്തിലുളള
ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമം. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കാണാതാകുന്നതിന് മുന്പ് മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയത് ജസ്ന തന്നെയാണോ,ജസ്നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുക. ലോഡ്ജിനെപ്പറ്റി നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്നാണ് മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലായിരുന്നു.
യുവതിയുടെ വെളിപ്പെടുത്തൽ
'പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെൺകൊച്ചിന്‍റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാൾ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.'