തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതവിഭാഗത്തിന്‍റെ പ്രശ്നമെന്ന നിലയിൽ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയെ കണ്ടിട്ടില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സെൻസസ് സാധാരണ നടപടിയാണ് . എൻപിആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങളൊന്നും സെൻസസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

മുഖ്യമന്ത്രി പറയുന്നത് വെറും തള്ള് മാത്രമാണെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ കെഎം ഷാജിയുടെ മറുപടി. ഇതൊരു മുസ്‌ലിം പ്രശനം അല്ല.  മുസ്ലീങ്ങളെ കെട്ടി പിടിച്ചാൽ തീരുന്നതുമല്ല പ്രശ്നമെന്ന് കെഎം ഷാജി പറ‍ഞ്ഞു. ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്നും കെഎം ഷാജി ഓര്‍മ്മിപ്പിച്ചു.  ബംഗാൾ നിലപാടിനെ പരാമര്‍ശിച്ച കെഎം ഷാജിയുടെ പ്രസംഗം ഭരണ പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി. 

തുടര്‍ന്ന് വായിക്കാം: "പെണ്ണ്" പരാമര്‍ശവുമായി കെഎം ഷാജി; നിയമസഭയിൽ രൂക്ഷമായ ബഹളം, പിൻവലിക്കണമെന്ന് സ്പീക്കര്‍...

വേണ്ടത് സംയുക്ത സമരമാണെന്നും ഞങ്ങൾ നിങ്ങൾ മനോഭാവം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയുക്ത സമരത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്ന് രമേശ് ചെന്നിത്തലയും തിരിച്ചടിച്ചു. അതിനിടെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന്‍റെ തുടക്കത്തിൽ കെഎം ഷാജിയുടെ യോഗ്യതയെ ചൊല്ലിയും സഭയിൽ തര്‍ക്കമായി.

വോട്ടവകാശം ഇല്ലാത്ത കെ എം ഷാജി നോട്ടീസ് നൽകിയതിനെ  നിയമ മന്ത്രി എകെ ബാലൻ ചോദ്യം ചെയ്തു. സംഭവത്തിൽ ക്രമപ്രശ്നവും നിയമമന്ത്രി നിയമസഭയിൽ ഉന്നയിച്ചു. എകെ ബാലന്റെ ഇടപെടൽ ദൗർഭാഗ്യകരമായ നടപടിയാണെന്നായിരുന്നു വിഡി സതീശന്‍റെ മറുപടി. സഭാ  അംഗത്തെ മന്ത്രി മനപൂർവ്വം അപമാനിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. മര്യാദ പാലിച്ചു എതിർപ്പ് പിൻവലിക്കണം എന്നു പ്രതിപക്ഷ ആവശ്യപ്പെട്ടപ്പോൾ സ്പീക്കർക്ക് തീരുമാനിക്കാം എന്നായിരുന്നു മന്ത്രി എകെ ബാലന്റെ മറുപടി. കെഎം ഷാജിക്ക് അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് യോഗ്യതയുണ്ടെന്ന് സ്പീക്കര്‍ നിലപാടെടുത്തതോടെയാണ് തര്‍ക്കം തീര്‍ന്നത്.