Asianet News MalayalamAsianet News Malayalam

'പദ്മ'യിൽ കേരളത്തിന്‍റെ ശുപാർശ വേണ്ട: എംടിയും മമ്മൂട്ടിയും അടക്കമുള്ളവരുടെ പേര് തള്ളി കേന്ദ്രം

പത്മവിഭൂഷൻ പുരസ്കാരത്തിനായി സാഹിത്യ വിഭാഗത്തിൽനിന്ന് എം ടി വാസുദേവൻനായരെയാണ് കേരളം ശുപാർശ ചെയ്തത്. പത്മഭൂഷൻ പുരസ്കാരത്തിന് എട്ട് പേർക്കായിരുന്നു ശുപാർശ. 

Center completely avoid Kerala list for Padma Award
Author
New Delhi, First Published Feb 12, 2020, 1:09 PM IST

തിരുവനന്തപുരം/ദില്ലി: ഈ വർഷത്തെ പദ്മ പുരസ്കാരങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് സംസ്ഥാനസർക്കാരിന്‍റെ പട്ടിക പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്. ഇത് തെളിയിക്കുന്ന രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പത്മവിഭൂഷൻ പുരസ്കാരത്തിനായി മലയാളത്തിന്‍റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ പേര് അടക്കം ശുപാർശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്.

ഇതിന് പകരം കേരളത്തിൽ നിന്ന് ആത്മീയരംഗത്ത് നിന്ന് ശ്രീ എമ്മിനും (മുംതാസ് അലി), നിയമപണ്ഡിതൻ പ്രഫ.എൻ.ആർ.മാധവമേനോന് മരണാനന്തരമായും പത്മഭൂഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ കെ എസ് മണിലാൽ, സാമൂഹ്യ പ്രവർത്തകൻ എം കെ കുഞ്ഞോൾ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും നൽകി. 

ഇനി സംസ്ഥാനസർക്കാർ നൽകിയ പട്ടികയിൽ ആരെല്ലാമാണ് ഉണ്ടായിരുന്നതെന്ന് നോക്കാം:

ഉന്നത ബഹുമതികളിലൊന്നായിരുന്ന പത്മവിഭൂഷൻ നൽകാൻ ശുപാർശ നൽകിയത് മലയാള സാഹിത്യത്തിന്‍റെ ഏറ്റവും തലപ്പൊക്കമുള്ള കുലപതികളിലൊരാളായ എം ടി വാസുദേവൻ നായർക്കാണ്. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഭാരത് രത്നയാണ്. അതിന് തൊട്ടുതാഴെയുള്ള ഉന്നത സിവിലിയൻ പുരസ്കാരമാണ് പത്മവിഭൂഷൻ. 

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാൻ, അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന, കവി സുഗതകുമാരി, ചെണ്ടയുടെ ആശാൻമാരായ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻ മാരാർ, ഓസ്കർ ജേതാവായ ശബ്ദലേഖകൻ റസൂൽ പൂക്കുട്ടി എന്നിവർക്കാണ് പദ്മഭൂഷൻ പുരസ്കാരത്തിന് ശുപാർശ നൽകിയത്. 

സൂര്യ ഫെസ്റ്റിവൽ സംഘാടകനായ സൂര്യ കൃഷ്ണമൂർത്തി, സംഗീതജ്ഞ കെ ഓമനക്കുട്ടി, കഥകളി ആശാൻ സദനം കൃഷ്ണൻകുട്ടി നായർ, ശിൽപി കാനായി കുഞ്ഞിരാമൻ, സംഗീതജ്ഞൻ രമേശ് നാരായണൻ, ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി, അഭിനേത്രി കെപിഎസി ലളിത, എഴുത്തുകാരൻ എം എൻ കാരശ്ശേരി, സാമൂഹ്യപ്രവർത്തനത്തിന് ബിഷപ്പ് സൂസൈപാക്യം, സിനിമയിലെ സംഭാവനകൾക്ക് ജി കെ പിള്ള, മാധ്യമപ്രവർത്തകൻ കെ മോഹനൻ, എഴുത്തുകാരായ വിപി ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി, അഭിനേതാവ് നെടുമുടി വേണു, ഗായകൻ എം ജയചന്ദ്രൻ, പ്രശസ്ത കാൻസർ ചികിത്സകൻ ഡോക്ടർ വി പി ഗംഗാധരൻ, മാധ്യമരംഗത്തെ സംഭാവനകൾക്ക് എം എസ് മണി, യോഗ- നാച്ചുറോപ്പതി രംഗത്തെ സംഭാവനകൾക്ക് എം കെ രാമൻ മാസ്റ്റർ, ഡോ. ടി കെ ജയകുമാർ എന്നിവർക്ക് പദ്മശ്രീ പുരസ്കാരം നൽകാനും ശുപാർശ നൽകിയിരുന്നു. 

Center completely avoid Kerala list for Padma Award

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പരിഗണിക്കുക പത്മ അവാർഡ് കമ്മിറ്റിയാണ്. ഇത് രൂപീകരിക്കുന്നത് പ്രധാനമന്ത്രിയാണ്. കാബിനറ്റ്, ആഭ്യന്തര സെക്രട്ടരിമാർ, പ്രസിഡന്‍റിന്‍റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളിൽ പ്രശസ്തരായ നാല് മുതൽ ആറ് വരെ അംഗങ്ങളെ ചേർത്താണ് ഈ കമ്മിറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ശുപാർശകൾ ഒന്നിച്ച് ചേർത്ത് പരിശോധിച്ച് ചില പേരുകൾ തെരഞ്ഞെടുത്ത് ഇവർ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമർപ്പിക്കുകയാണ് ചെയ്യുക. 

Follow Us:
Download App:
  • android
  • ios