മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മനത്രാലയം വ്യക്തമാക്കി.

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ന്നതില്‍ നടപടിയുമായി കേന്ദ്രം. കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനെ ഒരു മാസത്തേക്ക് വിലക്കി. വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. നിര്‍മ്മാണത്തിലെ വീഴ്ചയില്‍ സംസ്ഥാനത്തിനും ഉത്തരവാദിത്തമുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശത്തോട് സര്‍ക്കാരിന്‍റെ പെടലിക്ക് ഇടാന്‍ നോക്കണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കൊട്ടിയം മൈലക്കാട് നിര്‍മ്മാണം നടക്കുന്ന ദേശീയപാത തകര്‍ന്നതില്‍ അടിസ്ഥാന നിര്‍മ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനെ ഒരു മാസത്തേക്ക് വിലക്കിയത്. ദേശീയപാതയുടെ ടെന്‍ഡര്‍ നടപടികളില്‍ അടക്കം കമ്പനിക്ക് പങ്കെടുക്കാനാകില്ല. ഒപ്പം നിര്‍മ്മണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്വതന്ത്ര എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടൻസിയെയും വിലക്കിയിട്ടുണ്ട്. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ.ജിമ്മി തോമസിന്‍റെയും പാലക്കാട് ഐഐടിയിലെ ഡോ.ടി.കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അപടക സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. 

ദേശീയ പാത അതോറിറ്റിഅധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. വിദഗ്ധ സമതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. നടപടി നേരിട്ട കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്താ തിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ കമ്പനികള്‍ക്ക് എതിരായ നടപടി കണ്ണില്‍ പൊടിയിടല്‍ മാത്രമെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.

ദേശീയപാതയിലെ തകര്‍ച്ചയെ ചൊല്ലി സംസ്ഥാനത്തും രാഷ്ട്രീയ പോര് മുറുകുകയാണ്. പണി പൂര്‍ത്തിയാകുമ്പോള്‍ അവകാശവാദം പറഞ്ഞ് റീല്‍സ് ഇട്ടു നടക്കുന്ന മന്ത്രി ഇതൊക്കെ ശ്രദ്ധിക്കണ്ടേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടർ എന്‍. ദേവിദാസിന്‍റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു. ‍‍തകര്‍ന്ന സര്‍വീസ് റോഡ് മറ്റന്നാള്‍ ഗതാഗത യോഗ്യമാക്കുമെന്നാണ് എന്‍എച്ച്എഐ നൽകിയ ഉറപ്പ് . തുടര്‍ന്ന് മറ്റ് ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കും.

ദേശീയപാത തകർച്ചയിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്