Asianet News MalayalamAsianet News Malayalam

'ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ'; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മത്സ്യബന്ധന മേഖല വിദേശ ട്രോളറുകൾക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോൺഗ്രസ് രാജ്യം ഭരിച്ച കാലത്താണ്. പിവി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു ആ നീക്കം നടന്നതെന്നും മുഖ്യമന്ത്രി

Central Fisheries Policy is for Capitalists accuses Kerala CM Pinarayi Vijayan
Author
Kollam, First Published Aug 13, 2022, 5:54 PM IST

കൊല്ലം: രാജ്യത്ത് തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടമാണ്. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കുന്നതിനാണ്. ജനങ്ങളെ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും കോർപ്പറേറ്റുകൾക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി ഐ ടി യു കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ പുതിയ ഫിഷറീസ് നയം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ വഴി കണ്ടെത്തുന്നതിന് സംസ്ഥാനത്ത് മൽസ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ

നമ്മൾ ഭരണഘടനാ ലക്ഷ്യങ്ങൾ നേടിയെടുത്തോ എന്ന ചോദ്യം മുന്നോട്ട് വെച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ഭരണഘടനയെ തകർക്കുന്ന ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു. മത്സ്യബന്ധന മേഖല വിദേശ ട്രോളറുകൾക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോൺഗ്രസ് രാജ്യം ഭരിച്ച കാലത്താണ്. പിവി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇത്തരം നടപടി സ്വീകരിച്ചത്. 

തീരദേശ മേഖലകയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണെന്നും ഇത് മത്സ്യതൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡികൾ ഇല്ലാതായാൽ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാകുമെന്ന് കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികൾക്ക് അറിയാത്തതല്ല. എന്നാൽ ജനീവ കരാർ പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

കിഫ്ബിക്കെതിരായ ഇഡി നീക്കം കേരളത്തിന്റെ വികസനം തടയാൻ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ബ്ലൂ എക്കോണമി രാജ്യത്തെ മത്സ്യബന്ധന മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകും. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപൽക്കരമായ കാലഘട്ടമാണെന്നും കേന്ദ്രം കൊണ്ടുവരുന്ന പുതിയ ഫിഷറീസ് നയം കുത്തകളെ സഹായിക്കാനുള്ളതാണെന്നും അദ്ദേഹം വിമർശിച്ചു. ജനത്തെ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും വൻകിട കോർപറേറ്റുകൾക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ സാമ്പത്തിക നയം. ആ നയം നടപ്പാക്കിയാൽ രാജ്യത്ത് എന്ത് സംഭവിക്കും എന്നത് കേന്ദ്രത്തിന് വിഷയമല്ല.

മണ്ണെണ്ണ സബ്സിഡിയും മണ്ണെണ്ണ ക്വോട്ടയുടെയും കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയം തിരുത്തണമെന്ന് നീതി ആയോഗ് യോഗത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഭവന നിർമാണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽ സംസ്ഥാന സർക്കാരിന്റെ സഹായം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയെ 'വട്ടംചുറ്റിച്ച' ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

മത്സ്യമേഖലയിലെ 23 പ്രശ്നങ്ങൾ സർക്കാർ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഓഖി അടക്കം പല പ്രതിസന്ധികളും ഉണ്ടായി. ആഴക്കടൽ മത്സ്യബന്ധന മേഖലയിലേക്ക് കടന്നു വരുന്ന വിദേശ കപ്പലുകളെ ചെറുക്കുകയെന്നതാണ് ഇപ്പോൾ പ്രധാനം. ചെല്ലാനത്ത് കടലാക്രമണം ചെറുക്കാൻ കഴിഞ്ഞു. നിർമാണ പ്രവൃത്തികൾ തുടരുകയാണ്. ലോക ബാങ്കിന്റെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തെ എതിർക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിൽ, നവകേരളം യാഥാർത്ഥ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Follow Us:
Download App:
  • android
  • ios