ദില്ലി: സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുക്കാൻ നിശ്ചയിച്ചിരിക്കുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം വിമാനത്താവളവുമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ലോക്സഭയെ രേഖാമൂലം അറിയിച്ചു. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ലേല നടപടികള്‍ പൂര്‍ത്തിയായിയെന്നും ഇതുവരെയും ഒരു കമ്പനിക്കും വിമാനത്താവളങ്ങള്‍ കൈമാറിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുത്താകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മേല്‍നോട്ടം വഹിക്കും. എയര്‍ട്രാഫിക് മാനേജ്മന്റ്, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുടെ നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യക്കായിരിക്കുമെന്നും എംപിമാരായ ടി എന്‍ പ്രതാപന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു. 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണ നീക്കത്തിലുള്ള പ്രതിഷേധം കഴിഞ്ഞ 15 ന്  ദില്ലിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തിനിടെയാണ് സംസ്ഥാനം പ്രതിഷേധം അറിയിച്ചത്. സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിക്കിനിടയില്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്.