ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും ഉദ്യോഗസ്ഥരാണ് എത്തുക. പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തും.

പനി കണ്ടെത്തിയ ഇടങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യ പ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അതേ സമയം പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി വളർത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂർത്തിയാകും. 6200 താറാവുകൾ കൂടിയാണ് ഇനി അവശേഷിക്കുന്നത്.

അതേസമയം പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന്  മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ദില്ലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കേരളത്തിന് പുറമെ രാജസ്ഥാന്‍ ,  ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള  സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തതായാണ് കണക്ക്. ഇതില്‍ കൂടുതലും ദേശാടന പക്ഷികളാണ്. 

പക്ഷിപ്പനി: എട്ട് സംസ്ഥാനങ്ങളിൽ ജാ​ഗ്രത നിർദ്ദേശം; നിരീക്ഷണത്തിന് ദില്ലിയില്‍ കണ്‍ട്രോള്‍ റൂം