പാറശാല, നന്തൻകോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളാണ് നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങൾ

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിച്ചേക്കും. ഇന്നലെ മുഴുവൻ ചർച്ചകൾക്കാണ് കേന്ദ്രസംഘം വിനിയോഗിച്ചത്. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

പാറശാല, നന്തൻകോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളാണ് നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങൾ. ഇവിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്.

രോഗികളിൽ ഒരാൾ 46 വയസുള്ള പുരുഷനാണ്. 22 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിയുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍