ഡിസംബർ അവസാന ആഴ്ച്ചയിൽ 45 കേന്ദ്ര സർവകലാശാലകൾക്ക് അയച്ച കത്തിലാണ് യുജിസിയുടെ നിർദേശം. കുട്ടികളുടെ ആവശ്യം അനുസരിച്ച് വേണം കോഴ്സുകൾ നടത്താനെന്നാണ് യുജിസി പറഞ്ഞു വയ്ക്കുന്നത്.

ദില്ലി: വിദ്യാർത്ഥികൾ തെരഞ്ഞെടുക്കാത്ത കോഴ്സുകൾ നിർത്തലാക്കാനുള്ള യുജിസി നിർദേശത്തിനെതിരെ കേന്ദ്ര സർവകലാശാല അധ്യാപകർ (Central University). ആവശ്യക്കാരുടെ എണ്ണം മാത്രം കണക്കിലെടുത്ത് കോഴ്സ് നിർത്തലാക്കുന്നത് പല സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുടെയും വളർച്ച ഇല്ലാതാക്കുമെന്ന് ദില്ലി സർവകലാശാലയിലെ (Delhi University) അധ്യാപകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരവധി അധ്യാപരുടെ ജോലി നഷ്ടമാകുന്ന നീക്കം പിൻവലിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു.

ഡിസംബർ അവസാന ആഴ്ച്ചയിൽ 45 കേന്ദ്ര സർവകലാശാലകൾക്ക് അയച്ച കത്തിലാണ് യുജിസിയുടെ നിർദേശം. കുട്ടികളുടെ ആവശ്യം അനുസരിച്ച് വേണം കോഴ്സുകൾ നടത്താനെന്നാണ് യുജിസി പറഞ്ഞു വയ്ക്കുന്നത്. ഇക്കാര്യം വിലയിരുത്താതെയാണ് പല സര്‍വ്വകാലാശാലകളും കോഴ്സ് നടത്തുന്നതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിരീക്ഷണവും യുജിസി ഉയര്‍ത്തിക്കാട്ടുന്നു. എന്നാൽ ആവശ്യക്കാരുടെ എണ്ണം മാത്രം നോക്കി കോഴ്സ് നിശ്ചയിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്.

കോഴ്സുകൾ നീക്കം ചെയ്യുന്നതോടെ ഭാഷാ വിഭാഗങ്ങളിലെയും, സാമൂഹ്യ ശാസ്ത്ര വിഭാഗങ്ങളിലെയും ഗവേഷണങ്ങളുള്‍പ്പടെ നിലക്കും. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ നീക്കവുമെന്ന് ഡെമോക്രാറ്റിക് ടീച്ചേർസ് ഫ്രണ്ട് ആരോപിച്ചു. എന്നാൽ അധ്യാപകരുടെ ആശങ്ക അനാവശ്യമാണെന്നും, കോഴ്സുകള്‍ നടത്തുന്നതിലെ മാനദണ്ഡങ്ങൾ പാലിക്കാൻ മാത്രമാണ് നിർദേശം നല്‍കിയതെന്നുമാണ് യുജിസിയുടെ വിശദീകരണം.