ദില്ലി: രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന മുപ്പത് കോടി ആളുകളുടെ വാക്സിൻ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ആദ്യ ഘട്ട വാക്സിനേഷൻ പൂർത്തിയാക്കാൻ ആറ് മുതൽ എട്ട് മാസം വരെ എടുക്കും. ഈ ഘട്ടത്തിലുണ്ടാകുന്ന ചിലവ് സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ വ്യക്തമാക്കി. 

ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ നടക്കുകയാണ്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കുന്നുണ്ട്. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. 

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ദില്ലി ജിറ്റിബി ആശുപത്രിയിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തി. ഡി സി ജി ഐ യുടെ അനുമതി കിട്ടിയാലുടൻ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിനു വേണ്ടി കേന്ദ്ര സർക്കാർ ബന്ധപ്പെടുമെന്നും. രണ്ടര കോടി പേർക്കുളള വാക്സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഷിൽഡ് വാക്സിന് അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ ഉപയോഗത്തിന് വിദഗ്ധ സമിതിയാണ് ഡിസിജിഐക്ക് ശുപാർശ നൽകിയത്. ഈ ശുപാർശയിൽ നിയമ പ്രകാരം 5 ദിവസത്തിനുള്ളിൽ ഡിസിജിഐ തീരുമാനമെടുക്കണം. അടിയന്തരഘട്ടമായതിനാൽ എത്രയും പെട്ടന്ന് തന്നെ തീരുമാനമെടുക്കും. അനുമതി കിട്ടിയാൽ കേന്ദ്രം സീറം ഇൻസ്റ്റിട്ട്യൂട്ടുമായി ഉപാധികളോടെ കരാറിൽ ഏർപ്പെടും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാകും വാക്സിൻ നൽകുക. അതേ സമയം കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.