യോഗ്യതയില്ലെന്ന് കാട്ടിയാണ് ഇരുവരുടെയും പത്രിക റിട്ടേണിംഗ് ഓഫീസർ നേരത്തെ തള്ളിയത്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം നൽകി. സ്ഥാനാര്‍ത്ഥികളായ പത്രിക നൽകിയ പ്രൊഫ.പി.രവീന്ദ്രൻ, പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കാനും ഗവർണർ സർവകലാശാലക്ക് നിർദ്ദേശം നൽകി. യോഗ്യതയില്ലെന്ന് കാട്ടിയാണ് ഇരുവരുടെയും പത്രിക റിട്ടേണിംഗ് ഓഫീസർ നേരത്തെ തള്ളിയത്.
യുഡിഎഫ് അനുകൂലികളായ ഇരുവര്‍ക്കും മത്സരിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫസീറായ രജിസ്ട്രാര്‍ പത്രിക തള്ളിയത്. റിട്ടേണിംഗ് ഓഫീസറുടെ നടപടിക്കെതിരെ ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സിന്‍റിക്കേറ്റ് തെരഞ്ഞെടുപ്പ് നിര്‍ത്തി വെക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരം ഹിയറിംഗ് നടത്തിയ ശേഷമാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
