Asianet News MalayalamAsianet News Malayalam

ചാൻസലർ ബില്ല്: ബദലിനെയാണ് വിമർശിച്ചതെന്ന് വിഡി, മുഖ്യമന്ത്രി ചാൻസലറാകില്ലെന്ന് പി രാജീവ്

കേരള കലാമണ്ഡലമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന മാതൃക. സർവകലാശാലയ്ക്ക് മല്ലിക സാരാഭായിയേക്കാൾ മികച്ചൊരു ചാൻസലറെ നിർദ്ദേശിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും പി രാജീവ്

Chancellor bill Kerala Assembly sends it to subject committee
Author
First Published Dec 7, 2022, 4:49 PM IST

ദില്ലി: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിൽ സംസ്ഥാന നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. ഗവർണർക്ക് പകരമുള്ള ബദലിനെയാണ് വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ രാജസ്ഥാൻ മാതൃകയിൽ മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളിൽ ചാൻസലറാകില്ലെന്ന് മന്ത്രി പി രാജീവ് തിരിച്ചടിച്ചു.

നർത്തകി മല്ലിക സാരാഭായ് കേരള കലാമണ്ഡലം ചാൻസലർ, സർക്കാർ ഉത്തരവിറക്കി

ഗവർണ്ണർ ഒരു ഘട്ടത്തിൽ ചാൻസലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞതാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. സ്വയം ഒഴിയാം എന്ന് പറഞ്ഞപ്പോൾ പാടില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറരുതെന്ന് പറഞ്ഞ് ഗവർണറുടെ കാല് പിടിച്ചത് സർക്കാരാണെന്ന് വിഡി സതീശൻ മറുപടി നൽകി. ഈ വിഷയത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം ഭരണപക്ഷത്തിന്റെ വിമർശനങ്ങളോട് പ്രതികരിച്ചു.

ഈ ബില്ല് സർവകലാശാലകളെ തകർക്കുമെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. ബില്ല് കൊണ്ട് വരും മുൻപ് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തില്ല. വലിയ മാറ്റമാണ് വരാൻ പോകുന്നത്. പ്രതിപക്ഷ അഭിപ്രായം കേൾക്കണമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

രാജസ്ഥാൻ മാതൃകയിൽ മുഖ്യമന്ത്രിയെ ചാൻസിലറാക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന് പി രാജീവ് ചോദിച്ചു. മുഖ്യമന്ത്രിയല്ല ചാൻസലറാകേണ്ടത്. കേരള കലാമണ്ഡലമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന മാതൃക. സർവകലാശാലയ്ക്ക് മല്ലിക സാരാഭായിയേക്കാൾ മികച്ചൊരു ചാൻസലറെ നിർദ്ദേശിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ഇനി ചെയ്യാൻ പോകുന്ന കാര്യം വേറെ ആളെ കൊണ്ട് ചെയ്യിച്ചാൽ പോരേയെന്നായിരുന്നു വിഡി സതീശന്റെ ചോദ്യം. നേരത്തെ ചോദിച്ചിരുന്നെങ്കിൽ യുഡിഎഫ് ചർച്ച ചെയ്ത് നിർദ്ദേശം വെക്കുമായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കരുതെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ ആ നിലപാടിന് നന്ദിയെന്നായിരുന്നു പി രാജീവിന്റെ മറുപടി. 

'ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സർക്കാരിന്‍റെ അധികാരപരിധിയിലുള്ള കാര്യമല്ല' ആരിഫ് മുഹമ്മദ് ഖാന്‍

ഏറെ നേരത്തെ വാദപ്രതിവാദത്തിന് ശേഷം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. ഗവർണറെ നീക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്. എങ്കിലും രാഷ്ട്രീയ നോമിനികളെ വെക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. യുജിസി നിർദ്ദേശം മറികടന്നുള്ള ബില്ല് നിയമപരമായി നിലനിൽക്കില്ലെന്നും പിൻവലിക്കണമെന്നും ചർച്ചയുടെ തുടക്കത്തിൽ വിഡി സതീശൻ പറഞ്ഞിരുന്നു.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാന്‍ ബില്ല്, വിമര്‍ശനവുമായി കൃഷി വകുപ്പ് സെക്രട്ടറി

യുജിസി മാർഗ്ഗ നിർദേശം ഉണ്ടെങ്കിലും സംസ്ഥാന നിയമം നിലനിൽക്കുമെന്നും അല്ലെങ്കിൽ ജനാധിപത്യം തന്നെ അപകടത്തിൽ പെടുമെന്നും നിയമ മന്ത്രി മറുപടി പറഞ്ഞു. മല്ലിക സാരാഭായിയെ കലാമണ്ഡലം ചാൻസ്ലർ ആക്കിയത് തന്നെ ആരെയും ചാൻസ്ലർ ആകില്ല എന്നതിന്റെ തെളിവ് ആണെന്നും പി രാജീവ് പറഞ്ഞു. സബ്ജക്ട് കമ്മിറ്റിക്ക് അയക്കുന്ന ബിൽ ഈ മാസം 13 നു നിയമ സഭ പാസ്സാക്കും. സഭ പാസ്സാക്കിയാലും ബില്ലിൽ ഗവർണ്ണർ ഒപ്പിടാൻ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. 
 

Follow Us:
Download App:
  • android
  • ios