മുംബൈ: ലക്ഷ്യം കാണുന്നവരെ ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് ഇസ്റോ പിൻമാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളികളെ വകവയ്ക്കാതെ എങ്ങനെ പ്രവർത്തിക്കാമെന്ന് ഇസ്റോ ശാസ്ത്രജ്ഞർക്ക് പഠിക്കാനായി. ഇസ്രോ ശാസ്ത്രജ്ഞരുടെ ധൈര്യവും ദൃഢനിശ്ചയവും പ്രചോദിപ്പിച്ചെന്നും മോദി പറഞ്ഞു. മുംബൈയിൽ പുതിയ മെട്രോ പാതകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന സൂചനകൾ ഇസ്റോ പുറത്തുവിടുന്നത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഇസ്റോ അറിയിച്ചു. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.

പദ്ധതി അനിശ്ചിതത്വത്തിന് പിന്നാലെ വൻ പിരിമുറുക്കത്തിലായിരുന്നു ഇസ്ട്രാക്ക് കേന്ദ്രം. നിരാശരായ ശാസ്ത്രജ്ഞരെ കൺട്രോൾ റൂമിലെത്തി മോദി ആശ്വസിപ്പിച്ചു. ഇസ്റോ ശാസ്ത്രജ്ഞർക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കും തിരിച്ചടിയിൽ തളരരുതെന്നും നരേന്ദ്ര മോദി പറഞ്ഞു. വികാരാധീനനായ ഇസ്റോ ചെയർമാൻ ഡോ കെ ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ഇസ്ട്രാക്കിൽനിന്ന് മടങ്ങിയത്.

ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. തിരിച്ചടി ഉണ്ടായെങ്കിലും ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകരുത്. ലക്ഷ്യത്തിന് തൊട്ടരുകിൽ വരെ നമ്മൾ എത്തി. ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ട്. ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി കാണിക്കാനായതിൽ അഭിമാനമെന്നും മോദി കൂട്ടി ചേർത്തു.