പൊന്നാനി സബ് ട്രഷറിയിൽ നിന്ന് കാണാതായ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് ജൂനിയർ അക്കൗണ്ടൻ്റ് ആയിരുന്ന സന്തോഷ് കുമാർ സ്ഥിര നിക്ഷേപം സ്വീകരിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും പലിശയും നൽകണമെന്ന് കോടതി ഉത്തരവ്. പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റിൻ്റേതാണ് വിധി. തുക ആവശ്യമെങ്കിൽ സബ് ട്രഷറിയിലെ ജൂനിയർ അക്കൗണ്ടൻ്റ് ആയിരുന്ന കെ സന്തോഷിന്റെ സ്വത്ത് വകകളിൽ നിന്ന് ഈടാക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

പൊന്നാനി സബ് ട്രഷറിയിൽ നിന്ന് കാണാതായ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് ജൂനിയർ അക്കൗണ്ടൻ്റ് ആയിരുന്ന സന്തോഷ് കുമാർ സ്ഥിര നിക്ഷേപം സ്വീകരിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പൊന്നാനി സ്വദേശികളായ നാല് പേർ കോടതിയെ സമീപിച്ചിരുന്നത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. ധനവകുപ്പ് സെക്രട്ടറി, കളക്ടർ, ട്രഷറി ഡയറക്ടർ, ചങ്ങരംകുളം സബ് ട്രഷറി ഓഫീസർ എന്നിവർ ഉൾപ്പെടെ 8 പേരായിരുന്നു കേസിലെ എതിർകക്ഷികൾ. കേസ് നടക്കുന്നതിനിടെ കെ. സന്തോഷ് മരണപ്പെട്ടിരുന്നു.