പാലക്കാട് ആർ ടി ഒ എൻഫോഴ്സ്മെൻറ്, മണ്ണാർക്കാട് ഒറ്റപ്പാലം, ജൂനിയർ ആർടിഒ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പാലക്കാട്: ഒറ്റപ്പാലത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾക്ക് ആർടിഒഎൻഫോഴ്സുമെൻ്റ് പിഴ ചുമത്തി. വേഗപ്പൂട്ട്, റിഫ്ളക്ടർ, ബ്രേക്ക് ലൈറ്റ് എന്നിവ ഇല്ലാതിരുന്ന ബസ്സുകൾക്കെതിരെയാണ് നടപടി . പാലക്കാട് ആർ ടി ഒ എൻഫോഴ്സ്മെൻറ്, മണ്ണാർക്കാട് ഒറ്റപ്പാലം, ജൂനിയർ ആർടിഒ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബസ് സ്റ്റാൻഡിൽ പരിശോധന നടക്കുന്ന വിവരം അറിഞ്ഞ മറ്റ് ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറാതിരുന്നതും, പകുതി വഴി യാത്ര അവസാനിപ്പിച്ചതും യാത്രക്കാരെ വലച്ചു. ഇതേ തുടർന്ന് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പ്രധാന പാതയിലും പരിശോധന നടത്തി.
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ടൂറിസ്റ്റ് ബസുകളിൽ വ്യാപക പരിശോധന നടത്തി മോട്ടോര്‍ വാഹന വകുപ്പ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. സ്കൂൾ, കോളേജധികൃതരോട് വിനോദയാത്ര പോകും മുന്പ് അറിയിപ്പ് നൽകണമെന്ന് മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം മാത്രമാകും വിനോദയാത്രകൾക്ക് അനുമതി നൽകുക.
ഇന്ന് പുലര്‍ച്ചെ കൊല്ലത്തെ ടിടിസി കോളേജിൽ നിന്നും വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസ് എംവിഡി പിടിച്ചെടുത്തു. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ലെന്നും അനുവദനീയമായതിലും വലിയ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ബസിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ചേര്‍ത്തലയിൽ നിന്നുള്ള വണ്‍ എസ് ബസാണ് എംവിഡി പിടിച്ചെടുത്തത്. വിനോദയാത്രക്കുള്ള അനുമതി മോട്ടോർ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥർ റദ്ദാക്കി.
ടൂറിസ്റ്റ് ബസുകളുടെ കളര്‍കോഡ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഫിറ്റ്നസ് സമയത്തിനകം കളര്‍കോഡ് നടപ്പിലാക്കാനാണ് സര്‍ക്കാര‍് തീരുമാനിച്ചത്. എന്നാല്‍ നടപടി അതിവേഗത്തിലാക്കിയത് ഹൈക്കോടതി ഉത്തരവ്പ്രകാരമാണെന്നും മന്ത്രി കാസര്‍കോട്ട് പറഞ്ഞു.
കളര്‍കോഡ് പാലിച്ചില്ലെങ്കില്‍ ബസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
