തൊട്ടാല്‍ അടര്‍ന്നുവീഴുന്ന ചുമരുകളും മേല്‍ക്കൂരയും ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യപ്പെടുമ്പോഴും പ്ലാസ്റ്ററിംഗിലെ പോരായ്മകള്‍ മാത്രമാണ് കെട്ടിടത്തിനുളളതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. 

തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാട് നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ ചെമ്പൂച്ചിറ, സ്കൂളില്‍ സര്‍ക്കാര്‍ നടത്തിയത് പ്രാഥമിക പരിശോധനയായ റീബൗണ്ട് ഹാമ്മര്‍ ടെസ്റ്റ് മാത്രമാണെന്ന് വിദഗ്ധര്‍. കൂടുതല്‍ വിദഗ്ധപരിശോധനകള്‍ നടത്തി നിര്‍മ്മാണത്തിലെ അപാകത കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ കെട്ടിടത്തിന്‍റെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന് ഇവര്‍ പറയുന്നു.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിൻ്റെ പുതുക്കാട് മണ്ഡലത്തിലെ ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളിൽ കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് കെട്ടിടത്തിൻ്റെ നിര്‍മ്മാണം നടക്കുമ്പോള്‍ മേല്‍നോട്ടത്തിന് ഒരു സൂപ്പര്‍വൈസര്‍ പോലുമില്ലെന്ന് പിടിഎ ഭാരവാഹികള്‍ തന്നെ സമ്മതിക്കുന്നു. നിര്‍മ്മാണത്തില്‍ അപാകത ഉണ്ടെന്ന് സംശയം ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ തന്നെയാണ് നിര്‍മ്മാണമേഖലയിലുളള വിദഗ്ധരെ കൊണ്ടുവന്ന് ആദ്യം പരിശോധന നടത്തിച്ചത്. 

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് നല്‍കും വരെ അധികൃതര്‍ അനങ്ങിയില്ല. പിന്നീട് സംഭവം വിവാദമായപ്പോൾ 24 മണിക്കൂറിനുള്ളില്‍ തട്ടിക്കൂട്ടി പരിശോധന നടത്തി ഇടക്കാല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ അടിസ്ഥാന പരിശോധനയായ റീബൗണ്ട് ഹാമ്മര്‍ ടെസ്റ്റിലൂടെ നിര്‍മ്മാണത്തിലെ അപാകത പൂര്‍ണമായി കണ്ടെത്താനാകില്ലെനന് ഈ രംഗത്തുളളവര്‍ പറയുന്നു.

തൊട്ടാല്‍ അടര്‍ന്നുവീഴുന്ന ചുമരുകളും മേല്‍ക്കൂരയും ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യപ്പെടുമ്പോഴും പ്ലാസ്റ്ററിംഗിലെ പോരായ്മകള്‍ മാത്രമാണ് കെട്ടിടത്തിനുളളതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. വിദഗ്ധ പരിശോധന നടത്തി ക്രമക്കേട് പരിഹരിക്കാൻ തയ്യാാറായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാുടെ തീരുമാനം.