നമ്മെ പുകഴ്ത്തി സംസാരിക്കുന്നവരും മുന്നിൽ വന്ന് ചിരിക്കുന്നുവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളായിരിക്കുമെന്ന് സുധാകരൻ കരുതരുത് എൻ്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നത്. 

തിരുവനന്തപുരം: സിപിഎം തനിക്കെതിരെ നടത്തിയ വിമർശനങ്ങളിലും ആക്രമണങ്ങളിലും പാർട്ടിയുടെ പിന്തുണയോ സംരക്ഷണമോ തനിക്ക് കിട്ടിയില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലാണ് നേതാക്കൻമാരുടെ സാന്നിധ്യത്തിൽ തന്നെ ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. 

സുധാകരനെ ബിജെപിക്കാരനായി സിപിഎം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ഞാൻ പ്രതികരിച്ചു. കാരണം നേരത്തെ എനിക്കെതിരെ ഇതേ രീതിയിലുള്ള ആരോപണം വന്നപ്പോൾ അതിനെ എതിർക്കാൻ പാർട്ടിയിൽ നിന്നാരും വന്നില്ല. അന്ന് അനുഭവിച്ച വേദന അറിയുന്നത് കൊണ്ടാണ് ഞാൻ ഇപ്പോൾ പ്രതികരിച്ചത്. നമ്മെ പുകഴ്ത്തി സംസാരിക്കുന്നവരും മുന്നിൽ വന്ന് ചിരിക്കുന്നുവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളായിരിക്കുമെന്ന് സുധാകരൻ കരുതരുത് എൻ്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നത്. 

അതേസമയം ചെന്നിത്തലയുടെ ഈ വാക്കുകൾ സദസിലും വേദിയിലും ചിരി പടർത്തി. ചിരിയിൽ സുധാകരനും ചെന്നിത്തലയും പങ്കുചേരുകയും ചെയ്തു. ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്തുവെന്ന മട്ടിൽ സുധാകരൻ ചെന്നിത്തലയെ നോക്കി കൈ ഉയർത്തി കാണിക്കുകയും ചെയ്തു. പിന്നീട് സംസാരിച്ച കെ.മുരളീധരൻ ചെന്നിത്തല പറഞ്ഞ കാര്യങ്ങളെല്ലാം താൻ അംഗീകരിക്കുന്നുവെന്നും ഇതൊക്കെ പണ്ടേ താൻ അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് എല്ലാത്തിനോടും തനിക്കൊരു നിസ്സംഗതയെന്നും പറഞ്ഞു. 

ചെന്നിത്തലയുടെ വാക്കുകൾ - 

കേരളത്തിലെ കോ​ൺ​ഗ്രസിനെ ഇല്ലായ്മ ചെയ്യാൻ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ്. ഇന്നലത്തെ പത്രം കണ്ടപ്പോൾ എനിക്ക് വേദന തോന്നി. കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റെടുക്കുന്നത് ഇന്നു മാത്രമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി ഇന്ന് ചാർജെടുക്കാൻ പോകുന്ന കെപിസിസി അധ്യക്ഷനെപ്പറ്റി പറഞ്ഞത് അദ്ദേഹം ബിജെപിയുടെ വാലാണെന്നും ബിജെപിയിൽ ചേരാൻ പോകുകായണെന്നും. അപ്പോൾ എനിക്ക് തോന്നി ഇതിനെതിരെ പ്രതികരിക്കണം എന്ന്. കാരണം എനിക്കെതിരെ പറഞ്ഞപ്പോൾ ആരും പ്രതികരിക്കാതിരുന്നതിലെ വേദന എനിക്ക് അന്ന് തോന്നിയിരുന്നു. ഓർമ്മ വച്ച കാലം മുതൽ കോൺ​ഗ്രസിൽ ജീവിച്ച ഞാൻ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോൾ നമ്മുടെ പല സ്നേഹിതൻമാരും അതിനോടൊപ്പം ചേ‍ർന്ന് എനിക്കെതിരെ പോസ്റ്റിട്ടത് ഞാനോർക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാൻ സുധാകരന് വേണ്ടി സംസാരിച്ചത്. 

അതായിരിക്കണം നമ്മുടെ വികാരം. കെ സുധാകരനെതിരെ ഒരു അമ്പെയ്ത്താൽ നമ്മുക്ക് എല്ലാവർക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ അത് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പറഞ്ഞതല്ലേ നമ്മുക്കൊന്ന് താങ്ങി കളയാം എന്നു കരുതിയാൽ കോൺ​ഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മൾ തന്നെയാണ്. ചിരിക്കുന്നവരെല്ലാം സ്നേഹിതൻമാരാണെന്ന് സുധാകരൻ കരുതരുത്. മുൻപിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് എൻ്റെ അനുഭവപാഠം. ആ പാഠം അങ്ങേയ്ക്കും ഓ‍ർമ്മയിൽ ഇരിക്കട്ടെ. 

കണ്ണൂർ ഡിസിസി അധ്യക്ഷനായി പ്രവർത്തിച്ച മുൻപരിചയം സുധാകരനുണ്ട്. ഞാൻ കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ ഒൻപത് ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു സുധാകരൻ. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. സുധാകരന് താത്പര്യമില്ലാതിരുന്ന ഒരാളെ കണ്ണൂർ ഡിസിസി അധ്യക്ഷനാക്കേണ്ട സാഹചര്യം ഞാനും ഉമ്മൻ ചാണ്ടിയും പറഞ്ഞപ്പോൾ വ്യക്തിതാത്പര്യം മാറ്റിവച്ച് ആ തീരുമാനം അം​ഗീകരിച്ചയാളാണ് സുധാകരൻ. 

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺ​ഗ്രസ്. തക‍ർത്തെറിയാൻ നോക്കുമ്പോൾ ശക്തമായി തിരിച്ചു വന്ന ചരിത്രമാണ് അതിനുള്ളത്. അധികാരത്തിൽ നിന്നും പുറത്താക്കിയ കോൺ​ഗ്രസിനേയും അതിൻ്റെ നേതാക്കളേയും ഇല്ലാതാക്കാൻ ശ്രമിച്ചവരുണ്ട്. പക്ഷേ അതിനെയെല്ലാം ഈ പാ‍ർട്ടി അതിജീവിച്ചു. കേരളത്തിലെ കോൺ​ഗ്രസ് ഒരു വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ്. ഒരോ കാലത്തും ഒരോ തരം പ്രതിസന്ധിയെ നാം നേരിട്ടു. അതിനെയെല്ലാം നാം മറികടന്നു പോയതാണ്. 

എൻ്റെ ആരാധ്യനായ നേതാവ് കെ.കരുണാകരൻ പാർട്ടി വിട്ട കാലത്താണ് ഞാൻ കെപിസിസി അധ്യക്ഷനായി വരുന്നത്. പാർട്ടി ഇല്ലാതാവും എന്ന് വിമർശിക്കപ്പെട്ട കാലത്താണ് ലക്ഷക്കണക്കിന് നേതാക്കൾ പണിയെടുത്ത് പാർട്ടിയെ തിരികെ കൊണ്ടു വന്നത്. തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും യുഡിഎഫും പരാജയപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ കോൺ​ഗ്രസും സിപിഎമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം ചെറുതാണ്. അപ്രതീക്ഷിതമായ പരാജയമാണിത്. യുഡിഎഫിൻ്റെ വോട്ടുവിഹിതം 39.5 ശതമാനമാണെങ്കിൽ നാല് ശതമാനത്തിൻ്റെ വ്യത്യാസമാണുള്ളത്. 

കൊവിഡ് വന്ന അവസാന രണ്ട് വ‍ർഷം ഇല്ലായിരുന്നുവെങ്കിൽ ജനവിധി മറ്റൊന്നായേനെ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായിയുടേത്. ഇപ്പോഴും അഴിമതിയുടെ കഥകൾ ഒരോന്നായി പുറത്തു വരുന്നു. അനാവരണം ചെയ്യപ്പെടാത്ത നിരവധി അഴിമതികഥകൾ ഇനിയും വരാനുണ്ട്. കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി മാധ്യമങ്ങളെ മയക്കി കിടത്തിയപ്പോൾ ഇതെല്ലാം അവ​ഗണിക്കപ്പെട്ടു. രാഷ്ട്രീയ നേതൃത്വത്തിൻ്റെ അറിവില്ലാതെ മരംവെട്ട് പോലുള്ള അഴിമതികൾ നടക്കുമോ ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona