കരാര്‍ ഒപ്പിടാൻ മുൻകൈയ്യെടുത്ത കെഎസ്‌ഐഎൻസി എംഡി എൻ പ്രശാന്ത് ഐഎഎസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ.
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇൻലാൻഡ് നാവിഗേഷൻ കോര്‍പ്പറേഷനും സ്വകാര്യ കമ്പനിയായ ഇഎംസിസിയും ചേര്‍ന്ന് ഒപ്പിട്ട ധാരണപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. കരാര്‍ ഒപ്പിടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ അഡീ. ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമാണ് ധാരണാപത്രമെന്ന് കണ്ടതിനെ തുടർന്നാണ് റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാർ ഒപ്പിടേണ്ട സാഹചര്യത്തെക്കുറിച്ച് പരിശോധിക്കാനാണ് ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത്. ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി കൂടിയാണ് ടി.കെ.ജോസ്. വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിൽ പുതിയ തെളിവ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം കടുപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിവാദ കരാര്‍ തന്നെ റദ്ദാക്കിയത്.. അമേരിക്കൻ കന്പനിയായ ഇഎംസിസിയുടെ വിശദാംശങ്ങള്‍ തേടി വിദേശകാര്യമന്ത്രാലയത്തിന് ഫിഷറീസ് പ്രിന്‍സിപ്പൽ സെക്രട്ടറി അയച്ച കത്താണ് പ്രതിപക്ഷ നേതാവ് ഇന്ന് പുറത്ത് വിട്ടത്. ആരോപണങ്ങളെല്ലാം നിഷേധിച്ച മന്ത്രി മേഴ്സിക്കുട്ടി അമ്മ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും പ്രതിപക്ഷ നേതാവും ഗൂഢാലോചന നടത്തുകയാണെന്നാരോപിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും വളരെ ഗൗരവത്തിൽ കണ്ട പദ്ധതിക്കുവേണ്ടി അസന്‍റ് കേരളക്ക് മുന്നേ തന്നെ നടപടികൾ തുടങ്ങിയിരുന്നുവെന്നാണ് രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. ഇഎംസിസിയെക്കുറിച്ച് അറിയാൻ കേന്ദ്രത്തിന് ഫിഷറിസ് പ്രിന്‍സിപ്പൽ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ 3.10.2019ല്‍ അസന്‍റിന് മുൻപേ കേന്ദ്രത്തിന് അയച്ച കത്താണ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടത്. സര്‍ക്കാര്‍ അറിയാതയാണോ ഈ കത്തെന്നാണ് ചെന്നിത്തലയുടെ ചോദ്യം
ഇഎംസിസിക്കുവേണ്ടി മല്‍സ്യ നയത്തില്‍ തന്നെ വ്യതിയാനം വരുത്തി. നിയമസഭയില്‍ വിവരങ്ങൾ മറച്ചുവച്ചു. ട്രോളര്‍ നിര്‍മാണത്തിനുള്ള കരാര്‍ റദ്ദാക്കാൻ തീരുമാനിച്ചതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്. ഉപകരാര്‍ റദ്ദാക്കിയതു കൊണ്ട് കാര്യമില്ല. അസന്‍റില്‍ വച്ച് സര്‍ക്കാരും ഇഎംസിസിയും ഒപ്പുവച്ച 5000 കോടിയുെട ആദ്യ ധാരണ പത്രം അടക്കം എല്ലാം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.
എന്നാല്‍ നടന്നതൊന്നും സര്‍ക്കാര്‍ അറിഞ്ഞല്ലെന്നും ഉദ്യോഗസ്ഥരുടെ പ്രശ്നമാണെന്നുമുള്ള നിലപാടിലുറച്ച് നിൽക്കുകയാണ് ഫിഷറിസ് മന്ത്രി മെഴ്സിക്കുട്ടിയമ്മ. ഉമ്മാക്കി കാട്ടിപേടിപ്പിക്കണ്ടെന്നും ഇന്ന് വെള്ളയിൽ ഹാര്‍ബര്‍ മത്സ്യബന്ധന തുറമുഖത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ കരാര്‍ ഒപ്പിടാൻ മുൻകൈയ്യെടുത്ത കെഎസ്‌ഐഎൻസി എംഡി എൻ പ്രശാന്ത് ഐഎഎസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അവര്‍ നടത്തിയത്.
മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയി എന്ന ചെന്നിത്തലയുടെ പ്രസ്താവന അസംബന്ധമാണ്. കമ്പനി പ്രതിനിധികൾ തന്നെ ഓഫീസിൽ വന്നാണ് കണ്ടത്. ആ ഫോട്ടോയാണ് ന്യൂയോർക്കിൽ വച്ച് കണ്ടു എന്നും പറഞ്ഞ് പുറത്ത് വിട്ടത്. ഇടതുസര്‍ക്കാരിൻ്റെ നയത്തിൽ മാറ്റം വരുത്തിയിട്ടില്ല. ട്രേഡ് യൂണിയനുമായി ചർച്ച ചെയ്തുണ്ടാക്കിയ നയമാണിത്. നയത്തിൽ മാറ്റമുണ്ടെന്ന് കാണിച്ചാൽ താൻ മാപ്പ് പറയും. ഇടതുപക്ഷ ബദൽ രാഷ്ട്രീയത്തെയാണ് മാധ്യമങ്ങൾ എതിർക്കുന്നത്.
ഐഎഎസുകാരായാൽ മിനിമം ധാരണ വേണം. ഒരു ട്രോളർ നിർമിക്കാൻ എട്ട് മാസമെങ്കിലും സമയം വേണം. 400 എണ്ണം നിർമിക്കുമെന്ന് പറഞ്ഞത് അസംബന്ധമാണ്. ചെന്നിത്തലയും ഐഎഎസുകാരനുമായി രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നാണ് സംശയം. അയാൾ ആരോട് ചർച്ച ചെയ്താണ് 400 എണ്ണം നിർമിക്കുമെന്ന് പറഞ്ഞത്. ആരോട് ചോദിച്ചിട്ടാണ് അയാൾ കരാറൊപ്പിട്ടത്. ഇതേക്കുറിച്ചൊക്കെ വിശദമായ അന്വേഷണം നടത്തും.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയും ഉണ്ടാക്കിയ ധാരണപത്രം സർക്കാർ പുന:പരിശോധിക്കുകയാണ്. സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ കരാർ റദ്ദാക്കണം എന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. കരാര്‍ ഒപ്പിടാൻ മുൻകൈയ്യെടുത്ത കെഎസ്‌ഐഎൻസി എംഡി എൻ പ്രശാന്ത് അടക്കമുള്ളവർക്കെതിരെ അന്വേഷണവും വന്നേക്കും എന്നാണ് സൂചന.
