തിരുവനന്തപുരം: പ്രതിപക്ഷനേതാവ് അടക്കമുള്ളവരെ കേസുകളിൽ കുടുക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ ബാർകോഴ അടക്കമുള്ള അന്വേഷണങ്ങളെ രാഷ്ട്രീയമായി നേരിടാൻ യുഡിഎഫ് തീരുമാനം. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

തനിക്കെതിരായ ബിജു രമേശിൻ്റെ  കോഴ ആരോപണം ഏജൻസികൾ അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോർട്ട് കോടതിക്ക് മുന്നിലുള്ളതാണെന്നും ചെന്നിത്തല പറയുന്നു. മാണിക്കെതിരായ ബാർകോഴ ഒതുക്കാൻ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിൻ്റെ വെളിപ്പെടുത്തലിൽ എന്ത് കൊണ്ട് അന്വേഷണമില്ലെന്നും കോൺഗ്രസ് ചോദിക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള മറുപണി കോൺഗ്രസ് ആലോചിക്കുന്നുണ്ട്. 

ചെന്നിത്തലയുട‌െ വാക്കുകൾ - 

സ്വർണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. സംഘടിതമായ നീക്കമാണ് ഇതിനായി സിപിഎമ്മും സർക്കാരും നടത്തുന്നത്. നിയമാനുസൃതമായ അന്വേഷണത്തെ അട്ടിമറിക്കുകയാണ്. ഇതിന് നിയമസഭയെയും ഉപയോഗിക്കുന്നു. 

അന്വേഷണത്തെ അട്ടിമറിക്കാൻ നടന്ന ​ഗൂഢനീക്കങ്ങൾക്ക് നിരവധി ഉദാഹരങ്ങളുണ്ട്. സ്വപ്നയെ ബെം​ഗളൂരുവിലേക്ക് ക‌ടക്കാൻ അനുവദിച്ചത് ആദ്യത്തെ നീക്കം. സിബിഐ അന്വേഷണം ആരംഭിച്ചപ്പോൾ അതിനെ തടയാൻ സ‍ർക്കാ‍ർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അടുത്തത്. പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം അടുത്ത നി​ഗൂഢ നീക്കമാണ്. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാൻ സ‍ർക്കാർ ഹൈക്കോടതിയിൽ പോയത് മറ്റൊരു ഉദാഹരണം.  

നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി കൊണ്ടായിരുന്നു മറ്റൊരു നീക്കം. ഇതിനിടെ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വിട്ടു. ബിനീഷിൻ്റെ വീട്ടിലെ റെയ്ഡ് ബാലാവകാശ കമ്മീഷനെ കൊണ്ട് തടയാനും ശ്രമിച്ചു. അഴിമതി അന്വേഷണത്തിൽ പെടുമെന്ന് കണ്ടപ്പോഴാണ് പിണറായി അന്വേഷണ ഏജൻസികൾക്കെതിരെ ഉറഞ്ഞ് തുള്ളുന്നത്. ഏജൻസികളുടെ വിശ്വാസം തകർക്കാനാണ് 
സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ പുറത്ത് വിട്ടത്. 

ഇതിനെല്ലാം പിന്നിൽ സിപിഎം ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഡസംഘമാണ് എല്ലാത്തിനും നേതൃത്വം വഹിക്കുന്നത്. പേഴ്സണൽ സ്റ്റാഫിലെ പ്രമുഖനായ സിഎം രവീന്ദ്രനെ വിളിച്ചപ്പോഴാണ് പിണറായിയുടെ സ്വരം മാറിയത്. കേസ് ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിൻ്റെ ഭാ​ഗമായി വിജിലൻസിനെയും പൊലീസിനേയും നിയമസഭയെയും ദുരുപയോഗപ്പെടുത്തുന്നു. ഇതെല്ലാം അന്വേഷിക്കേണ്ടതായിട്ടുണ്ട്.

പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ബിനാമി പേരിൽ ഇരുന്നൂറ് ഏക്ക‍ർ ഭൂമിയുള്ളതായി വാ‍ർത്ത പുറത്തു വന്നിട്ടുണ്ട്. ആരൊക്കെയാണ് ഈ മന്ത്രിമാരെന്ന് സ‍ർക്കാർ വ്യക്തമാക്കണം. ഇതിനെപ്പറ്റി അന്വേഷിക്കണം. സിഎജിയുടെ കരട് റിപ്പോ‍ർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോ‍ർട്ടിൽ പറയാറുണ്ട്. ഇങ്ങനെ കൂട്ടിച്ചേർത്തത് ഉന്നയിച്ച്  പ്രക്ഷോഭം നടത്തിയവർ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുകയാണെന്നും കിഫ്ബി ഓഡിറ്റ് വിവാദത്തിൽ ചെന്നിത്തല പറഞ്ഞു. 

ബാ‍ർകോഴ കേസിൽ തനിക്കെതിരെ അന്വേഷണം നടത്താനുള്ള സംസ്ഥാന സ‍ർക്കാർ തീരുമാനത്തെ സ്വ​ഗതം ചെയ്യുന്നു. ഏത് അന്വേഷണവും താൻ നേരിടും. ഇതുമായി ബന്ധപ്പെട്ട് ആറ് വ‍ർഷം മുൻപ് ആരോപണം ഉയ‍ർന്നപ്പോൾ അന്ന് അക്കാര്യം താൻ നിഷേധിച്ചതാണ്. ഞങ്ങളു‌ടേത് കോഴ വാങ്ങുന്ന പാർട്ടിയല്ല. ഈ ആരോപണത്തിലൊക്കെ നേരത്തെ മൂന്ന് തവണ അന്വേഷണം നടത്തിയതും തള്ളിപ്പോയതുമാണ്. 

പഴയ വെളിപ്പെടുത്തലിൽ ഇപ്പോൾ വീണ്ടും വരുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണത്തെ താൻ സ്വാ​ഗതം ചെയ്യുന്നു. കോടതിയിലിരിക്കുന്ന കേസിൽ വീണ്ടും അന്വേഷണം നടത്താൻ കഴിയുന്നതെങ്ങനെയെന്ന് വ്യക്തമാവേണ്ടതുണ്ട്. സ‍ർക്കാർ നീക്കത്തിനെതിരെ അപകീർത്തി കേസിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷനേതാവും അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്.