കെ റെയിൽ നടക്കാത്ത പദ്ധതിയാണെന്ന ബോധ്യം സിപിഎമ്മിനുണ്ട്. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സിൽവര്‍ ലൈൻ പദ്ധതി. 

തിരുവനന്തപുരം: രണ്ടാം പിണറായി സ‍ര്‍ക്കാരിൻ്റെ ഒന്നാം വാ‍ര്‍ഷികത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപ്പാക്കാൻ സാധിക്കില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സിൽവര്‍ ലൈൻ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതും പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

ജനങ്ങൾക്ക് വേണ്ടി യാതെന്നും ചെയ്യാൻ രണ്ടാം പിണറായി സര്‍ക്കാരിനായിട്ടില്ല. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സിൽവര്‍ ലൈൻ പദ്ധതി. ആറു വര്‍ഷത്തിനിടെ കേരളത്തിലേക്ക് യാതൊരു വികസന പദ്ധതിയും കൊണ്ടു വരാൻ പിണറായി സര്‍ക്കാരിനായിട്ടില്ലെന്നും തൃക്കാക്കരയിൽ പിടിയുടെ മരണം സൗഭാഗ്യമാണെന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തീര്‍ത്തും തരം താണതാണെന്നും ചെന്നിത്തല പറഞ്ഞു. 

ചെന്നിത്തലയുടെ വാക്കുകൾ - 

കെ റെയിൽ നടക്കാത്ത പദ്ധതിയാണെന്ന ബോധ്യം സിപിഎമ്മിനുണ്ട്. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സിൽവര്‍ ലൈൻ പദ്ധതി. കെ റെയിൽ നടക്കില്ലെന്ന് സി.പി.എമ്മിനും അറിയാം. രണ്ടാം പിണറായി സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത്. അസെൻ്റ് വ്യവസായ നിക്ഷേപ സംഗമം പാഴ് വേലയായി മാറി. കഴിഞ്ഞ 6 വർഷത്തിനിടെ ഏത് പദ്ധതിയാണ് കേരളത്തിലേക്ക് വന്നത്? സംസ്ഥാന ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എല്ലാ ക്ഷേമ പ്രവർത്തനങ്ങളും സര്‍ക്കാര്‍ നിർത്തിവച്ചു. ഇപ്പോഴത്തെ കടത്തിനു പുറമേ കിഫ്ബി തിരിച്ചടവും മസാല ബോണ്ട് പലിശയും സർക്കാരിന് അധിക ബാധ്യതയാകുന്ന നിലയാണ്. കേരളം ശ്രീലങ്കയെക്കാൾ വലിയ കടക്കെണിയിലേക്കാണ് പോകുന്നത്. 

പി. ടി.യുടെ മരണം സൗഭാഗ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞത് തരം താണ പ്രസ്താവനയാണ്. തൃക്കാക്കര തെര‍ഞ്ഞെടുപ്പിൽ ജയിക്കാൻ വലിയ വര്‍ഗ്ഗീയ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. വർഗീയ പ്രീണനമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അടവ്. പാലാരിവട്ടം മേൽപ്പാലം തകർന്നപ്പോൾ വാചാലരായവർ കൂളിമാടിനെ പറ്റി മിണ്ടാത്തതെന്താണ്? കൂളിമാട് പാലം തകര്‍ന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 

ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവര്‍ ലൈൻ: മുഖ്യമന്ത്രി 

ഭാവി കേരളത്തിനുവേണ്ടിയുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി. ഒന്നാം വർഷികത്തിൻെറ ഭാഗമായി ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ഇറക്കിയ ലേഖനത്തിലാണ് സിൽവർ ലൈൻ ഊന്നിപ്പറയുന്നത്. വർദ്ധിച്ചുവരുന്ന ഇന്ധന വിലയും പാരിസ്ഥിത പ്രശ്നങ്ങളും പരിഗണിച്ച് ബദൽ ഗതാഗതമാർഗങ്ങള്‍ സർക്കാർ തേടുകയാണ്. ഇതിൻെറ അടിസ്ഥാനത്തിലാണ് സിൽവർ ലൈൻ പദ്ധഥിയുമായി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. സാമൂഹിക ആഘാത പഠനം നടന്നുവരുകയാണ്. ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഭൂമി ഏറ്റെടുക്കുമ്പോള്‍ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകും. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിശദമായ പദ്ദഥി റിപ്പോർട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻെറ പരിഗണനയിലാണ്. കേരളത്തിലെ നിരത്തുകളിലെ ശരാശരി വേഗത ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. ഇത് വ്യവസായ പുരോഗതിയെ ബാധിക്കുന്നുണ്ട്. അതിനാലാണ് സർക്കാർ ബദൽ മാ‍ഗങ്ങള്‍ സ്വീക്കരുന്നതെന്ന് മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തെ ഭരണ നേട്ടങ്ങളുടെ പ്രോഗസ് റിപ്പോർട്ട് അടുത്ത മാസം രണ്ടിന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.