ചേരാനല്ലൂരിൽ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതിയായ ജഡ്ജിയുടെ മകന് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തുന്നു. ജഡ്ജിയുടെ സ്വാധീനത്തിലാണ് 17 കാരനായ മകന് പൊലീസ്, സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് ആരോപണം
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധം കടുപ്പിച്ച് അപടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ കുടുംബം. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരിന്ന് പ്രതിഷേധിക്കുകയാണ്. അപകടത്തിന് പിന്നാലെ പിടിയിലായ 17കാരന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിലാണ് കുടുംബത്തിന്റെ പ്രതിഷേധം. 17 കാരന്റെ അച്ഛനായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സി പി എം, ഡി വൈ എഫ് ഐ, ബി ജെപി, യുവമോർച്ച പ്രവർത്തകരും വിവിധ സമയങ്ങളിലായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. ജഡ്ജിയുടെ സ്വാധീനത്തിലാണ് 17 കാരനായ മകന് പൊലീസ്, സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് ആരോപണം.
ആഭ്യന്തര മന്ത്രിക്ക് അതൃപ്തി
അതേസമയം പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി, ഡി ജി പിക്ക് നിർദേശം നൽകുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ ഡി ജി പി പി വിജയൻ നേരിട്ട് അന്വേഷണം നടത്താൻ തീരുമാനമായിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനമായി. പൊലീസ് വീഴ്ച വിവാദമായതോടെ അപകടത്തിൽ കാറോടിച്ച 17 കാരനെതിരേ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി (BNS 105). നേരത്തെ അശ്രദ്ധ മൂലമുള്ള മരണത്തിനായിരുന്നു കേസ് (106 ,1). അപകടത്തിൽ 17 കാരന്റെ പിതാവും കാറുടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേയും കേസെടുത്തേക്കുമെന്നാണ് സൂചന. വാഹന ഉടമയായ ജഡ്ജിക്കെതിരേ കടുത്ത കുറ്റങ്ങൾ ചുമത്താനാണ് നീക്കം. മോട്ടോർ വെഹിക്കിൾ നിയമപ്രകാരവും ബി എൻ എസ് പ്രകാരവുമുള്ള കുറ്റങ്ങളാകും ചുമത്തുക. ഇക്കാര്യം പരിശോധിക്കാൻ നിർദേശിച്ചതായി എ ഡി ജി പിയുടെ ഓഫീസ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു. ഇത് വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. അപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് 17 കാരന് ജാമ്യം ലഭിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക






