നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്‍റെ സഹായം കൂടാതെ ജയിക്കാമെന്നായപ്പോൾ വി എസ് കാലുമാറി. 


തിരുവനന്തപുരം: ക്രൂരമായ രാഷ്ട്രീയ വഞ്ചനയിലൂടെ വാർദ്ധക്യ കാലത്ത് കെ.കരുണാകരന്‍റെ മനസ്സ് തകർത്തത് സി പി എം ആണെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്. അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ ചില തിക്താനുഭവങ്ങൾ പറയാതെ വയ്യെന്നും ചെറിയാന്‍ ഫിലിപ്പ്. കെ.കരുണാകരന്‍റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ വെളിപ്പെടുത്തല്‍. 

2004 ൽ കോൺഗ്രസിൽ ഗ്രൂപ്പുവഴക്കുകൾ മൂർച്ഛിച്ചപ്പോൾ എൽ ഡി എഫിലേക്ക് വരാൻ കരുണാകര വിഭാഗത്തെ ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് സി പി എം നേതൃത്വമാണ്. അതിനെ തുടർന്നാണ് കരുണാകരൻ ഡി ഐ സി രൂപീകരിച്ചത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഡി ഐ സിയുമായി സി പി എം സഖ്യമുണ്ടാക്കി. ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ സെബാസ്റ്റ്യൻ പോൾ (എറണാകുളം), പന്ന്യൻ രവീന്ദ്രൻ ത്രിരുവനന്തപുരം) എന്നിവരുടെ വിജയത്തിന് കരുണാകരന്‍റെ സഹായം തേടി. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിൽ ഡി ഐ സി യുമായി സഖ്യം വേണ്ടെന്ന സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം മാദ്ധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ കരുണാകരൻ ഞെട്ടി. ഒരാൾ പോലും അദ്ദേഹത്തെ വിളിച്ചില്ല. മരണം വരെയും അദ്ദേഹത്തിന്‍റെ മനസ്സിലെ മുറിവ് ഉണങ്ങിയിരുന്നില്ല. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ.മുരളീധരന്‍റെ തിരിച്ചു വരവ് കാണാൻ കഴിയാതെയാണ് കരുണാകരൻ അന്ത്യശ്വാസം വലിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. 

കരുണാകരനുമായി സഖ്യത്തിന് ആദ്യം പരസ്യ നിലപാട് സ്വീകരിച്ചത് വിഎസ് അച്ചുതാനന്ദനായിരുന്നു. തങ്ങളുടെ കയ്യിൽ 40 പേരുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടെന്നും 31 പേർ കൂടി വന്നാൽ പുതിയ മന്ത്രിസഭ രൂപീകരിക്കാമെന്നുമാണ് അന്ന് വിഎസ് പറഞ്ഞിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്‍റെ സഹായം കൂടാതെ ജയിക്കാമെന്നായപ്പോൾ വി എസ് കാലുമാറി. വി എസിന്‍റെ പ്രേരണയിലാണ് പ്രകാശ് കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സി പി എം പോളിറ്റ്ബ്യൂറോ കരുണാകരനുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ, പിണറായി വിജയൻ മാത്രം കരുണാകരനുമായി സഖ്യത്തിന് അവസാനം വരെ വാദിച്ചിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. മുസ്ലിം ലീഗിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള എം വി ഗോവിന്ദന്‍റെ പ്രസ്ഥാവനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. പിന്നാലെ ലീഗ് നേത്വതൃം യുഡിഎഫ് വിടേണ്ട അവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.