പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കൊടിയ പീഡനം നേരിട്ടതായി ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജ്
ആലപ്പുഴ: തനിക്കെതിരായ പരാതി അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കൊടിയ പീഡനം നേരിട്ടതായി ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജ്. അകാരണമായി പൊലീസ് മർദിച്ചെന്നും വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയെന്നും ബാബുരാജ് പറയുന്നു. അർത്തുങ്കൽ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നൽകി ഒൻപതു മാസം പിന്നിട്ടിട്ടും നടപടിയില്ലെന്നും ആരോപണമുണ്ട്.
തനിക്കെതിരെ ഉള്ള പരാതി അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് മർദ്ദിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയെന്നുമാണ് പരാതി. ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജിനാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ വച്ച് ദുരനുഭവം ഉണ്ടായത്. അർത്തുങ്കൽ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി. പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും ജില്ലാ പൊലീസ് മേധാവിക്കും ഉൾപ്പെടെ പരാതി നൽകിയിട്ട് ഒൻപത് മാസം കഴിഞ്ഞെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2004 നവംബർ നാലിന് രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം. ബാബു രാജിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഷ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. ഇക്കാര്യം അന്വേഷിക്കാൻ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മർദനമെന്ന് ബാബു രാജ് പറയുന്നു. സജീഷിന്റെ ബന്ധുവിനെതിരെ പരാതി നൽകിയതിലെ വൈരാഗ്യമാണ് കാരണമെന്നും ബാബുരാജ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ബാബുരാജ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ നൽനാകില്ലെന്നായിരുന്നു മറുപടി.



