Asianet News MalayalamAsianet News Malayalam

സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ സിപിഎം നേതാക്കളുടെ അതിക്രമമെന്ന് പരാതി, ഗൃഹനാഥനും സഹോദരനും വെട്ടേറ്റു

ഇരുട്ടിന്‍റെ മറവില്‍ വടിവാളടക്കമുള്ള ആയുധങ്ങള്‍ കൊണ്ടുള്ള അക്രമണത്തില്‍ ഗൃഹനാഥനും സഹോദരനും വെട്ടേറ്റു. വഴിത്തർക്കം സംബന്ധിച്ച് കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കേയാണ് നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചു കൊണ്ടുള്ള നടപടി. 

cherthala native land owners Complaint against CPM atrocities apn
Author
First Published Dec 19, 2023, 8:57 AM IST

ആലപ്പുഴ : ചേര്‍ത്തലയില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ അക്രമിസംഘം സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറി വേലി പൊളിച്ച് റോഡ് നിര്‍മിച്ചതായി പരാതി. ഇരുട്ടിന്‍റെ മറവില്‍ വടിവാളടക്കമുള്ള ആയുധങ്ങള്‍ കൊണ്ടുള്ള അക്രമണത്തില്‍ ഗൃഹനാഥനും സഹോദരനും വെട്ടേറ്റു. വഴിത്തർക്കം സംബന്ധിച്ച് കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കേയാണ് നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചു കൊണ്ടുള്ള നടപടി. 

കട്ടച്ചിറ ചേന്നോത്ത് മേരിവില്ലയിൽ തോമസ് വര്‍ഗീസ്  സഹോദരങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ശബ്ദം കേട്ട് പുറത്തിറങ്ങിയ തോമസ് കാണുന്നത് മുപ്പതിലധികം വരുന്ന സംഘം മാരകായുധങ്ങളുമായി വേലി തകര്‍ക്കുന്നതാണ്. ഇതിന് ശേഷം അവിടെ മണ്ണിട്ട് റോഡും ഉണ്ടാക്കി. തടയാന്‍ ശ്രമിച്ചപ്പോള്‍ വടിവാളടക്കമുള്ള ആയുധങ്ങളുമായി ആക്രമിച്ചു. തോമസിനൊപ്പം സഹോദരന്‍ ജോസഫിനും മർദ്ദനമേറ്റു. ജോസഫ് ഇപ്പോഴും ആശുപത്രിയിലാണ്. സിപിഎമ്മിന്‍റെ ഏരിയാ-ലോക്കല്‍ കമ്മിറ്റി അംഗങ്ങളടെക്കം സംഘത്തിലുണ്ടായിരുന്നുവെന്നും തോമസ് പറഞ്ഞു. 

തോമസിന്‍റെ പറമ്പിൽ നിന്ന് 400 മീറ്റർ അകലെ രണ്ട് പട്ടികജാതി കുടുംബങ്ങളടക്കം നാല് വീട്ടുകാര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് വാഹനം കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ വീതിയുള്ള റോഡ് നിര്‍മിക്കാന്സ്ഥലം വിട്ടുനല്കണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിലെ പല അംഗങ്ങളുടെയും പേരിലുളള 25 സെന്‍റ് ഭൂമി നല്‍കേണ്ടതിനാൽ ഈ ആവശ്യം നിരസിച്ചു. സമീപത്തെ ബിജെപി അനുഭാവിയുടെ വീടിനോട് ചേര്‍ന്ന് വഴി നല്കാമെന്ന് അറിയിച്ചിട്ടും സിപിഎം വഴങ്ങിയില്ല. പിന്നീട് സ്ഥലം കൈയേറുന്നതിനെതിരെ കോടതില്‍ നിന്ന് സ്റ്റേയും വാങ്ങി. ഇതിനിടെയാണ് രാത്രിയിലുള്ള അതിക്രമിച്ചുകയറ്റം. എന്നാല്‍ അതിക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും വഴി ആവശ്യമുള്ള നാട്ടുകാരാകാം വേലി പൊളിച്ചതെന്നുമാണ് സിപിഎം പ്രതികരണം. അതിക്രമത്തിനെതിരെ തോമസും കുടുംബവും ചേര്‍ത്തല പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.  

 

Latest Videos
Follow Us:
Download App:
  • android
  • ios