ചേർത്തലയിലെ കുഞ്ഞിനെ കൈമാറിയെന്ന അമ്മയുടെ വാദം പെരുംനുണ? കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ്
പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നില്ല
ആലപ്പുഴ: ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിൽ. കുഞ്ഞ് ജീവനോടെ ഇല്ലെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുവതി കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞത് നുണയാണെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയായ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്നും രണ്ടു ദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിഡബ്ല്യുസി വ്യക്തമാക്കി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കൂടെ നിന്നത് ആൺ സുഹൃത്തായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല.
സാമ്പത്തിക പ്രശ്നം മൂലമാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവർക്ക് നല്‍കിയതെന്നാണ് യുവതി പറഞ്ഞതെന്നും വളര്‍ത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നല്‍കിയതെന്നും യുവതി പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ ഷിൽജ പറഞ്ഞിരുന്നു. തൃപ്പൂണിത്തുറ സ്വദേശികളുടെ സങ്കടം കണ്ട് നിവൃത്തികേടുകൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നാണ് യുവതി പറഞ്ഞതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
പള്ളിപ്പുറം സ്വദേശിനിയായ യുവതി ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയിൽ നിന്നും വിട്ട ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാർഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷിൽജ അറിയിച്ചതനുസരിച്ച് പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്.