വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റൺവേക്കായി 307 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Read More: ശബരിമല വിമാനത്താവള പദ്ധതി 579 കുടുംബങ്ങളെ ബാധിക്കും; അന്തിമ സാമൂഹിക ആഘാത പഠനറിപ്പോർട്ട്

ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി മാറിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും.

Read More: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ്: സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വിമാനത്താവളം യാഥാർത്ഥ്യമായാൽ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുമെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം ആളുകളും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണെന്നതും വിമാനത്താവളത്തിൻറെ സാധ്യത വർദ്ദിപ്പിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികൾക്കാണ് വിമാനത്താവളം ഗുണം ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്