സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ, ജാഥകൾ, മറ്റ് പ്രചാരണ പരിപാടികൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
തിരുവനന്തപുരം: ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ അറിയിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ അല്ലെങ്കിൽ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷൻ, സിനിമ അല്ലെങ്കിൽ മറ്റ് സമാന ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.
റേഡിയോ വഴിയുള്ള പ്രചാരണങ്ങൾക്കും ഈ നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്.
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.


