ഒറ്റപ്പാലത്ത് പി.കെ. ശശി വോട്ട് മറിക്കാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി മുൻ സ്ഥാനാർഥി പി. വേണുഗോപാൽ. ആരോപണം അടിസ്ഥാനരഹിതമാണെന്നും, ജില്ലാ സെക്രട്ടറി സുരേഷ് ബാബു ഇത് തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. 

ഒറ്റപ്പാലം: പി.കെ. ശശി ഒറ്റപ്പാലത്ത് ബിജെപിയുമായി ഡീലിന് ശ്രമിച്ചെന്ന സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ മറുപടിയുമായി ബിജെപിയുടെ മുൻ സ്ഥാനാർഥി പി. വേണു​ഗോപാൽ. ശശി 50 ലക്ഷം രൂപ ഓഫർ ചെയ്തു എന്നായിരുന്നു ആരോപണം. വോട്ട് മറിക്കാനായി ഒരു ഡീലും നടന്നിട്ടില്ല. ജില്ലാ സെക്രട്ടറി സുരേഷ് ബാബു ഒരു അച്ഛന് പിറന്നതാണെങ്കിൽ ആരോപണം തെളിയിക്കട്ടെയെന്ന് വെല്ലുവിളിക്കുന്നുവെന്നും വേണു​ഗോപാൽ പറഞ്ഞു. പി. കെ. ശശിയുമായി പരിചയമില്ല, നമ്പർ പോലുമില്ല. അദ്ദേഹം എംഎൽഎ ആയിരുന്നപ്പോൾ പൊതുപരിപാടികളിൽ കണ്ടിട്ടുണ്ട്. സിപിഎം ആരോപണം നിയമപരമായി നേരിടുമെന്നും പി. വേണുഗോപാൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

ഒറ്റപ്പാലത്ത് മൂന്ന് തവണ ബിജെപി സ്ഥാനാർഥിയായ ആളാണ് വേണുഗോപാൽ. 25000 ലധികം വോട്ടുകളും നേടിയിട്ടുണ്ട്. ഇക്കുറി സ്ഥാനാർഥിയാക്കാത്തതിൽ അതൃപ്തിയുണ്ടെന്നും ഇത് മുതലാക്കി വോട്ട് മറിക്കാൻ പി. കെ. ശശി 50 ലക്ഷം രൂപ ഓഫർ ചെയ്തുവെന്നുമാണ് സിപിഎം ആരോപണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 42,000 വോട്ടുകളാണ് ബിജെപി ഒറ്റപ്പാലത്ത് നേടിയത്.