Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവലോകന യോഗങ്ങള്‍; ആദ്യത്തേത് 26ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്.

chief Minister and Ministers District Level Monitoring Meetings starts on 26th joy
Author
First Published Sep 23, 2023, 2:53 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ 26ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും.

28ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടക്കും. ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും. മേഖലാതല അവലോകന യോഗങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. 

 
മണ്ഡല പര്യടനം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ 

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്തംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി പാര്‍ലമെന്ററികാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാരെ എല്‍പ്പിക്കും. മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളുടെ ചുമതല, ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏല്‍പ്പിക്കും. ജില്ലകളില്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികൻ മരിച്ചു 
 

Follow Us:
Download App:
  • android
  • ios