ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി 

തിരുവനന്തപുരം: ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണം ചിലരെങ്കിലും നടത്തുന്നുണ്ട്. നാടിതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. 

ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണം. ചില വിവരങ്ങള്‍ നോക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയര്‍ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. നിലവില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഈ ഫണ്ടിന്‍റെ ചുമതലക്കാരന്‍. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകള്‍ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂള്‍ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. 

ഈ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്ക് ട്രാന്‍സ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ സുഗമമായ നടത്തിപ്പിനാണ് പൂള്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷന്‍ നിര്‍വഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നര്‍ത്ഥം. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ.

കളക്ടര്‍ക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം. ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണ്. 

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറല്‍ ഓഫീസിന്‍റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രില്‍ ഒന്ന് 2016 മുതല്‍ 31 ആഗസ്ത് 2019 വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കി. ഒരു ക്രമക്കേടുകള്‍ ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോര്‍ട്ട് നല്‍കിയതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. അനേകം പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചവരാണ് നാം. സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നമ്മുടെ നാട് മറികടക്കും.

സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ഒരു വ്യാജ പ്രചരണം ആണ് സി.എം.ഡി.ആര്‍.എഫില്‍ നിന്നും കെഎസ്എഫ്ഇ ക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന്. സോഷ്യല്‍ മീഡിയ വഴി വലിയ രീതിയില്‍ ആണ് ഈ പ്രചരണം നടക്കുന്നത്. തികച്ചും തെറ്റായ പ്രചാരണമാണത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്തരം പ്രചാരണങ്ങള്‍. ആ തുക കൊവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാന്‍ കെ എസ് എഫ് ഇക്ക് നല്‍കിയ തുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81.43 കോടി രൂപ കെ.എസ്.എഫ്ഇയ്ക്ക് നല്‍കി. ഇതുവഴി ആകെ നാല്‍പത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുളെടുത്ത വെള്ളാർമല സ്‌കൂൾ ടൗണ്‍ഷിപ്പിൽ പുനര്‍ നിര്‍മിക്കും; തല്‍ക്കാലം മേപ്പാടി സ്കൂളിൽ തുടര്‍പഠനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം