Asianet News MalayalamAsianet News Malayalam

'സർവ്വകലാശാലകളെ സംഘപരിവാർ ആക്രമിക്കുകയാണ്'; പഴയ പ്രസംഗം പങ്ക് വച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

രാജ്യത്തിൻ്റെ ഭരണഘടന അപകടത്തിലാണെന്ന് വിശദീകരിക്കുന്ന പ്രസംഗമാണ് കെ കെ രാഗേഷ് പങ്കുവെച്ചത്. ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമം നടക്കുന്നു എന്നും പ്രസംഗത്തിൽ രാഗേഷ് പറയുന്നുണ്ട്.

Chief Minister s Private Secretary K K Ragesh shared old speech in fb
Author
First Published Sep 19, 2022, 11:23 PM IST

തിരുവനന്തപുരം: ചരിത്ര കോൺഗ്രസ്സിലെ പഴയ പ്രസംഗം ഫേസ്ബുക്കിൽ പങ്ക് വച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. രാജ്യത്തിൻ്റെ ഭരണഘടന അപകടത്തിലാണെന്ന് വിശദീകരിക്കുന്ന പ്രസംഗമാണ് കെ കെ രാഗേഷ് പങ്കുവെച്ചത്. സർവ്വകലാശാലകൾ സംഘപരിവാറിനാൽ ആക്രമിക്കപ്പെടുകയാണെന്നും പ്രസംഗത്തില്‍ പറയുന്നു. ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമം നടക്കുന്നു എന്നും പ്രസംഗത്തിൽ രാഗേഷ് പറയുന്നുണ്ട്. ഗവർണറുടെ രൂക്ഷമായ പ്രതികരണത്തിന് പിന്നാലെയാണ് പഴയ പ്രസംഗം കെ കെ രാഗേഷ് പങ്കുവച്ചത്.

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തില്‍ ഇടപെടുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ആരോപിച്ചിരുന്നു.  വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും രാജ്‍ഭവനില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധ ഗൂഢാലോചനയില്‍ കെ കെ രാഗേഷിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. കെ കെ രാഗേഷിന്‍റെ പ്രൈവറ്റ്  സെക്രട്ടറി സ്ഥാനം പാരിതോഷികമാണോയെന്നാണ് ഗവര്‍ണറുടെ പരിഹാസം.

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.  

പിന്നാലെ, ആരിഫ് മുഹമ്മദ് ഖാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു. ഗവര്‍ണറുടെ ആര്‍എസ്എസ് വിധേയത്വം ചൂണ്ടിക്കാട്ടി ഭരണഘടനാ പദവിയിലിരുന്ന് വല്ലാതെ തരംതാഴരരുതെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെ അടിക്ക് തിരിച്ചടിയെന്ന രീതീയിലായി കാര്യങ്ങള്‍. 1986 മുതല്‍ തനിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവനയിലൂന്നി വിമര്‍ശനം ശക്തമാക്കാനാണ് സിപിഎം തീരുമാനം.

Also Read: 'ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്, ഗവർണർക്ക് ആർഎസ്എസ് വിധേയത്വം'; പിണറായിയുടെ മറുപടി 

Follow Us:
Download App:
  • android
  • ios