Asianet News MalayalamAsianet News Malayalam

അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവം; ബാല‌ാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരത്ത് അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ ഒടുവില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും കമ്മീഷനുകളും.

child missing case child rights commission also take case on anupamas complaint
Author
Thiruvananthapuram, First Published Oct 22, 2021, 3:30 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവത്തിൽ ബാല‌ാവകാശ കമ്മീഷൻ (child rights commission) കേസെടുത്തു. പേരൂർക്കട പൊലീസ്, സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, സിഡബ്ല്യൂസി ചെയർപേഴ്സൺ സുനന്ദ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നോട്ടീസ് നൽകി. സംഭവത്തിൽ ഒക്ടോബർ 30നകം വിശദീകരണം നൽകണം. ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടിൻ്റേതാണ് നടപടി.

തിരുവനന്തപുരത്ത് അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ ഒടുവില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും കമ്മീഷനുകളും. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയർപേഴ്സൻ്റെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിൻ്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി.

Read Also: കുഞ്ഞിനെ കാണാതായ സംഭവം: ഒടുവിൽ അനുപമയുടെ പരാതിയിൽ ഉറ്റബന്ധുക്കൾക്കെതിരെ പൊലീസ് കേസ്

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി  എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്.

പരാതി എഴുതിക്കിട്ടാതെ കുഞ്ഞിനെ തിരിച്ചുകൊടുക്കാനുള്ള നടപടി സ്വീകരിക്കാനാകില്ലെന്ന സിഡബ്യൂസി ചെയർപേഴ്സ് സുനന്ദയുടെ നിലപാട് ആരോഗ്യമന്ത്രി തള്ളി. തുടക്കം മുതൽ ഒളിച്ചുകളിച്ച പൊലീസും ഒടുവിൽ അനങ്ങി തുടങ്ങി. പൊലീസ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം തേടി. സിഡബ്ല്യൂസിയുമായി കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്. കുട്ടി ദത്ത് പോയതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന മറുപടിയാണ് ശിശുക്ഷേമ സമിതി നൽകിയത്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ദത്ത് നടപടി പൂര്‍ത്തിയായി എന്നിരിക്കെ ഇനി സര്‍ക്കാരും പൊലീസും എടുക്കുന്ന നടപടിയാണ് ഏറെ ശ്രദ്ധേയമാവുക.

Follow Us:
Download App:
  • android
  • ios