പാലക്കാട് കഞ്ചിക്കോട് ​ഗവൺമെന്‍റ് എച്ച്എസ്എസിൽ കായികാധ്യാപകന്‍ കുട്ടികളെ മര്‍ദിച്ച പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ​ഗവൺമെന്‍റ് എച്ച്എസ്എസിൽ കായികാധ്യാപകന്‍ കുട്ടികളെ മര്‍ദിച്ച പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി. കുട്ടികളോട് കമ്മീഷൻ കാര്യങ്ങൾ അന്വേഷിച്ചു. അധ്യാപകനിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഉണ്ടായതായി കുട്ടികൾ പറഞ്ഞു. കുട്ടികളോട് മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ പരാതിയും കമ്മീഷൻ സ്വീകരിച്ചു. സ്‌കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

സ്കൂളിലെ അധ്യാപകർക്ക് കമ്മീഷൻ അംഗങ്ങൾ ബാലാവകാശ നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ജീവനക്കാർക്ക് ഇത് സംബന്ധിച്ച് കൂടുതൽ ക്ലാസുകൾ നൽകേണ്ടതുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഭരണഘടന ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസം യഥേഷ്ടം കിട്ടുന്ന രീതിയിലേക്ക് അധ്യാപകര്‍ മാറേണ്ടതുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അതിനാവശ്യമായ നിര്‍ദ്ദേശം അധ്യാപകര്‍ക്ക് നല്‍കി. കമ്മീഷന്‍ അംഗങ്ങളായ ബി മോഹന്‍കുമാര്‍, ഡോ. എഫ്. വില്‍സണ്‍, കെ കെ ഷാജു തുടങ്ങിയവരാണ് തെളിവെടുപ്പ് നടത്തിയത്.

ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയത്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. പിടി പിരീഡിൽ ഫുട്ബോള്‍ കളിക്കാൻ പോയി എന്നാണ് അധ്യാപകൻ ആരോപിക്കുന്ന കുറ്റം. 26 വിദ്യാര്‍ത്ഥികളെയാണ് ചൂരൽ കൊണ്ട് അധ്യാപകൻ അതിക്രൂരമായി മര്‍ദിച്ചത്. ചില കുട്ടികളുടെ വിരൽത്തുമ്പിലാണ് അടി കൊണ്ടത്. അസഹ്യമായ വേദനയുണ്ടായി എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരിൽ മൂന്ന് കുട്ടികള്‍ക്ക് ചികിത്സ തേടേണ്ടതായി വന്നു. രക്ഷിതാക്കളിൽ ചിലര്‍ പൊലീസിൽ പരാതി നൽകി. കൊടുവായൂര്‍ സ്വദേശിയാണ് യുപി സ്കൂള്‍ അധ്യാപകനായ സാദിഖ്. ഇതിന് മുൻപും ഈ അധ്യാപകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടികളോട് മോശം പദപ്രയോഗം നടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപകൻ പഠിക്കാൻ പറഞ്ഞിട്ടും കളിക്കാൻ പോയതിനാണ് ശിക്ഷിച്ചതെന്നാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം.

YouTube video player