Asianet News MalayalamAsianet News Malayalam

പാനൂർ പീഡനക്കേസ്: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി

സ്കൂളിൽ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥർ യൂണിഫോമിലാണ് കുട്ടിയുടെ അടുത്ത് എത്തിയത്. 

child welfare committee raise serious allegations against police
Author
Panoor, First Published Apr 19, 2020, 10:02 AM IST

കണ്ണൂർ: പാനൂർ പീഡനക്കേസിൽ  പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി. കണ്ണൂരിൽ കൗൺസിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും സിഡബ്യൂസിയെ (ചൈൽഡ് വെൽഫെയർ കമ്മിറ്റി - ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാംക്ലാസുകാരിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ ആരോപിച്ചു. 

കുട്ടിയെ സ്കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്സോ നിയമത്തിന്റെ ലംഘനമെന്നും 
ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി.ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ കേസിൽ പോക്സോ നിയമത്തിന്റെ ലംഘനങ്ങൾ ഉണ്ടായി എന്ന് നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

പാനൂർ പീഡനക്കേസ് പ്രതി അധ്യാപകനായ ബിജെപി നേതാവ് കുനിയിൽ പദ്മരാജൻ തലശ്ശേരി സബ്ജയിലിൽ റിമാൻഡിലാണ്. കേസിന്റെ അന്വേഷണം തുടരുകയാണ് പൊലീസ്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഇതുവരെ കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല.

കേസ് രജിസ്റ്റർ ചെയ്ത ഉടനെ കുട്ടിയുടെ 161 പ്രകാരമുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധന നടത്തി. അതിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തി. പിന്നീടങ്ങോട്ട് ഈ കേസിന്റെ നാൾവഴിയിൽ അന്വേഷണ സംഘം പോക്സോ നിയമത്തിന്റെ ലംഘനം പല തവണ നടത്തി എന്നാണ് ആക്ഷേപം.

സ്കൂളിൽ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥർ യൂണിഫോമിലാണ് കുട്ടിയുടെ അടുത്ത് എത്തിയത്. തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ കുട്ടിയെ എത്തിച്ച് ആറ് മണിക്കൂർ മൊഴി എടുക്കുകയും ചെയ്തു. പോക്സോ നിയമ പ്രകാരം ഇരകളായ കുഞ്ഞുങ്ങളെ തീർത്തും കരുതലോടെയും അതീവ ശ്രദ്ധയോടേയും വേണം സമീപിക്കാൻ. പൊലീസ് യൂണിഫോമിൽ അവരെ സമീപിക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ല എന്നാണ് നിയമം. 

ഈ കേസന്വേഷണത്തിനിടെ മാർച്ച് 27ന് കുട്ടിയെയും കൊണ്ട് പൊലീസ് കോഴിക്കോട് നിംഹാൻസിൽ എത്തി. മെഡിക്കൽ ഡോക്ടറുടെ സഹായത്തോടെ കുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയാനാണ് പോയതെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇങ്ങനെ ചെയ്യണമെങ്കിൽ  ആദ്യം ശിശു ക്ഷേമ സമിതിയുടെ അനുവാദം വാങ്ങണം. അനുമതി വാങ്ങുന്നത് പോയിട്ട് ഇവിടെ കുട്ടിയെ കോഴിക്കോട് കൊണ്ടുപോകുന്ന കാര്യം ശിശുക്ഷേമ സമിതി അറിയിച്ചിട്ട് പോലുമില്ല.കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ഇതൊന്നും അറിഞ്ഞിട്ടില്ല. 
 

Follow Us:
Download App:
  • android
  • ios