വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷെഹ്‍ല ഷെറിന്‍ മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. സംഭവത്തില്‍ സ്കൂൾ അധികൃതർക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതായി ബാലക്ഷേമ സമിതി ചെയർമാൻ അരവിന്ദാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ഡിഎംഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം സ്കൂൾ അധ്യാപകർക്കും ഡോക്ടർക്കുമെതിരെ കടുത്ത നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും അരവിന്ദാക്ഷൻ അറിയിച്ചു.

സംഭവത്തിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും. ഇതിനിടെ വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ കളക്ടറും ഉത്തരവുകളിറക്കി. സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. ജില്ലയിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ജില്ലാ കളക്ടര്‍ നിർദേശം നല്‍കി. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടര്‍ നിർദേശം നല്‍കിയിട്ടുണ്ട്. 

Also Read: സ്കൂളിൽ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; കർശന നടപടികളുമായി കളക്ടർ

അതേസമയം, അധ്യാപകനെതിരെ കൂടുതൽ ആരോപണങ്ങള്‍ ഉയരുകയാണ്. അധ്യാപിക പറഞ്ഞിട്ടും ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പാമ്പുകടിച്ചെന്ന് ഷഹല പറഞ്ഞതും അധ്യാപകനായ ഷജിൽ കേട്ടില്ലെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്, ഇന്ന് കളക്ടർക്ക് കൈമാറും. വയനാട്ടിൽ ഇന്ന് കെഎസ്‍യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.