ചിന്തൻ ശിബിരിൽ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇരുവര്‍ക്കും നേരത്തെ അറിയിച്ചിരുന്നുവെന്നും അതൊരു ബഹിഷ്കരണമോ വിയോജിപ്പോ അല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കോഴിക്കോട്: വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല. എന്നാല്‍, ചിന്തൻ ശിബിരിൽ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇരുവര്‍ക്കും അസൗകര്യം നേരത്തെ അറിയിച്ചിരുന്നുവെന്നും അതൊരു ബഹിഷ്കരണമോ വിയോജിപ്പോ അല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് നവസങ്കല്‍പ്പ് ചിന്തിന്‍ ശിബിരിന് കോഴിക്കോട്ട് ഇന്ന് തുടക്കമാവുകയാണ്. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിറിൽ ചര്‍ച്ചയാകും. കെ പി സി സി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുക. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലാകും ചര്‍ച്ചകള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചിന്തിന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എ ഐ സി സി യെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുക്കും.

കെ സുധാകരനും വി ഡി സതീശനും നേതൃ നിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില്‍ ശൈലീമാറ്റമടക്കം സജീവ ചര്‍ച്ചയാകും. കൂടാതെ, സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സാമുദായിക സംഘടനകളോടുള്ള നിലപാടും ചര്‍ച്ചയാകും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കര്‍മ്മപദ്ധതിക്കായി പ്രത്യേക സെഷനും ശിബിരത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന കലണ്ടറിനും രൂപം കൊടുക്കും. കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തപ്പെടും.