സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്ത ജെറോം. ആലപ്പുഴ സമ്മേളനത്തിൽ ആരും ക്യാപിറ്റൽ പണിഷ്മൻ്റ് എന്നൊരു വാക്ക് പോലും ആരും പറഞ്ഞിട്ടില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാന സിപിഎമ്മിൽ വീണ്ടും ക്യാപിറ്റൽ പണിഷ്മെൻറ് വിവാദം കത്തുന്നത്. ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശത്തെ തുടർന്നാണ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് അച്യുതാനന്ദൻ ഇറങ്ങിപ്പോയതെന്ന് മുതിർന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയതാണ് പുതിയ വിവാദം. വിഎസിൻറെ വിയോഗശേഷം ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം എടുത്തിട്ട പിരപ്പൻകോട് മുരളിയെ പല്ലും നഖവുമുപയോഗിച്ച് സിപിഎം നേതൃത്വം നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചിൽ.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചുപെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്മെൻറ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാനാകാതെ വിഎസ് അച്യുതാനന്ദൻ വേദിവിട്ടു. ഏകനായി ദുഖിതനായി, പക്ഷേ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരേയും നോക്കാതെ വിഎസ് വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് ലേഖനത്തിൽ പറയുന്നത്.
'ഇങ്ങനെ ഒക്കെയായിരുന്നു എൻറെ വിഎസ്' എന്ന തലക്കെട്ടിൽ മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ അനുസ്മരണ ലേഖനത്തിലാണ് അറിയപ്പെടുന്ന വിഎസ് പക്ഷക്കാരനായ സുരേഷ് കുറിപ്പിൻറെ വിവാദ പരാമർശം. കൊച്ചു മക്കളുടെ പ്രായം മാത്രമുള്ളവർ സമ്മേളനങ്ങളിൽ വിഎസിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചെന്ന മുഖവുരയോടെയാണ് തുറന്നുപറച്ചിൽ. വിഎസ് പാർട്ടി ശത്രുക്കളുടെ കയ്യിലെ പാവയാണെന്നും പരമാവധി നടപടി വിഎസിനെതിരെ വേണമെന്നും യുവനേതാക്കൾ അടക്കം പൊതു ചർച്ചയിൽ ആവശ്യപ്പെട്ടതും വിഎസിന് പാർട്ടി വിരുദ്ധ മനോഭാവം ഉണ്ടെന്ന് പിണറായി വിജയൻ തുറന്നടിച്ചതും ആലപ്പുഴ സമ്മേളനകാലത്ത് വലിയ വാർത്തയായിരുന്നു.
അതെല്ലാം നിലനിൽക്കെയാണ് ആലപ്പുഴയിലും ക്യാപിറ്റൽ പണിഷ്മെൻറ് ആവർത്തിച്ചിരുന്നെന്ന സുരേഷ് കുറിപ്പിൻറെ വെളിപ്പെടുത്തൽ. 12 വർഷമായി പാർട്ടി വിഭാഗീയതയിൽ നിറഞ്ഞു നിന്ന ക്യാപിറ്റൽ പണിഷ്മെൻറ് വിഎസിൻറെ വിയോഗശേഷം വീണ്ടും എടുത്തിട്ടത് പിരപ്പിൻകോട് മുരളിയാണ്. ഒരുമയവുമില്ലാതെയാണ് സിപിഎം പിരപ്പിൻകോട് മുരളിയെ നേരിട്ടത്. പാർട്ടി സംസ്ഥാന സെക്രട്ടറി മുതൽ സൈബർ സഖാക്കളുടെ വരെ വിചാണക്കിടക്കാണ് സുരേഷ് കുറിപ്പിൻറെ വെളിപ്പെടുത്തലിൽ സിപിഎം വെട്ടിലാകുന്നത്.
അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല. 2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം. പറയാനുള്ളതെല്ലാം ലേഖനത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയത്.



