ചിന്ത ജെറോമിനെയും മുൻ മേയർ സബിത ബീഗത്തിനെയും മുൻ എംഎൽഎ ആയിഷ പോറ്റിയെയും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
കൊല്ലം: പന്ത്രണ്ട് മുതിർന്ന നേതാക്കളെ ഒഴിവാക്കിയും പതിനാറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും സിപിഎം (CPM) കൊല്ലം ജില്ലാ നേതൃത്വം പുനഃസംഘടിപ്പിച്ചു. യൂത്ത് കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമും മുൻ എംഎൽഎ ആയിഷ പോറ്റിയും ഉൾപ്പെടെ ആറ് വനിതകൾ പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടം നേടി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട മുതിർന്ന നേതാക്കൾക്ക് മറ്റ് ജില്ലകളിൽ കിട്ടിയ പരിഗണന പി ആർ വസന്തനടക്കം കൊല്ലത്തെ മുതിർന്ന നേതാക്കൾക്ക് കിട്ടിയില്ല.
സംഘടന വീഴ്ചകളുടെ പേരിൽ വിമർശനം ഏറെ കേൾക്കേണ്ടി വന്നെങ്കിലും എസ് സുദേവന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരവസരം കൂടി നൽകാൻ കൊല്ലത്തെ പാർട്ടി തീരുമാനിച്ചു. 23 ആം വയസിൽ മേയറാവുകയും പിന്നീട് രണ്ട് പതിറ്റാണ്ടു കാലം പാർട്ടിയിൽ കാര്യമായ സ്ഥാനങ്ങൾ കിട്ടാതിരിക്കുകയും ചെയ്ത സബിത ബീഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് ഉയർത്തിയത് ശ്രദ്ധേയമായി. പതിനഞ്ച് വർഷത്തെ പാർലമെന്ററി അനുഭവ സമ്പത്തുമായാണ് ജില്ലാ കമ്മിറ്റിയിലേക്ക് ആയിഷ പോറ്റിയുടെ വരവ്. യുവ പ്രാതിനിധ്യവുമായി ചിന്തയും കൂടി എത്തിയതോടെ കൊല്ലം ജില്ലാ കമ്മിറ്റിയിലെ വനിതകളുടെ എണ്ണം ആറായി.
വിഭാഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചാണ് മുതിർന്ന നേതാക്കളായ പി ആർ വസന്തനെയും എൻ എസ് പ്രസന്നകുമാറിനെയും പുറത്തു നിർത്തിയത്. സംസ്ഥാന കമ്മിറ്റി അംഗത്വമാണ് സോമപ്രസാദും, കെ രാജഗോപാലും , എസ് രാജേന്ദ്രനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കാൻ കാരണമായത്. പ്രായം മാനദണ്ഡമായപ്പോൾ മുൻ പി എസ് സി അംഗം ഗംഗാധരകുറുപ്പും കരിങ്ങന്നൂർ മുരളിയും ഉൾപ്പെടെയുള്ള പഴയ വി എസ് ഗ്രൂപ്പുകാരും ജില്ലാ കമ്മിറ്റിക്ക് പുറത്തായി. ഇതോടെയാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺ ബാബുവും, ഇരവിപുരം എംഎൽഎ എം. നൗഷാദും ഉൾപ്പെടെയുള്ള പുതുമുഖങ്ങൾക്ക് വഴി തെളിഞ്ഞത്.
