കൊച്ചി: ദേശാതിർത്തികൾ മറികടന്ന മിസ്റ്റർ യൂണിവേഴ്സിൻ്റെ പ്രണയത്തിന് ശുഭാന്ത്യം. കൊച്ചി സ്വദേശിയായ മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശൻ ഉസ്ബക്കിസ്ഥാൻകാരി നസീബയെ കൊച്ചിയിൽ വച്ചു മിന്നുകെട്ടി. ഇരുവരുടേയും നാല് വർഷം നീണ്ട പ്രണയമാണ് ഒടുവിൽ വിവാഹത്തിലേക്ക് എത്തിയത്. 

മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയ ഏക ഇന്ത്യക്കാരനാണ് കൊച്ചിക്കാരനായ ചിത്തരേശ് നടേശൻ. കഴിഞ്ഞ വര്‍ഷമായിരുന്നു ആ നേട്ടത്തിലെത്തിയത്. അന്നെല്ലാം കരുത്തായി ഒപ്പം നിന്ന ഉസ്ബക്കിസ്ഥാൻകാരി നസീബയെ ജീവിതത്തില്‍ ചേര്‍ത്തുനിര്‍ത്തിയതിന്റെ സന്തോഷത്തിലാണ് ചിത്തരേഷ് ഇപ്പോള്‍. ഞായറാഴ്ച എറണാകുളം പാവക്കുളം അമ്പലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. 

നാല് വര്‍ഷം മുന്പ് ദില്ലിയിലെ ഡാൻസ് സ്കൂളില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചിത്തരേഷ് നടേശന്‍റെ കൂടെ കൂടിയതോടെ കുറച്ച് മലയാളമൊക്കെ നസീബ പഠിച്ച് തുടങ്ങി. ഏറെ വൈകാതെ ഇരുവരും ദില്ലിയിലേക്ക് മടങ്ങും.