Asianet News MalayalamAsianet News Malayalam

സഭാ ഭൂമിയിടപാട്; ​എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്

ഭൂമിയിടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നെന്നാണ് ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. 

church land deal case income tax department has asked the angamalyarchdiocese to pay 3.5 crore
Author
Cochin, First Published Aug 12, 2021, 10:09 AM IST

കൊച്ചി: സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസിൽ എറണാകുളം- അങ്കമാലി അതിരൂപത 3.5  കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്നും ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാർ ജോർജ്ജ് ആല‌ഞ്ചേരി,അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്. 

ഭൂമിയിടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നെന്നാണ് ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും  കൃത്യമായി രേഖകളില്ല. ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്.

കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുളള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും  ഫാദർ ജോഷി പുതുവ ഇൻകം ടാക്സിന് മൊഴി നൽകി. മൂന്നാറിലെ ഭൂമിയിടപാടിന്‍റെ വരുമാന സോഴ്സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. യഥാർഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയത്. ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകൾ വഴി നടത്തിയത് എന്നും ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios