എറണാകുളം - ബെംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകൾ ഇരട്ടിയായേക്കും. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ തീരുമാനം ഉടൻ പ്രതീക്ഷിക്കാമെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു.
കൊച്ചി: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയായേക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 16 ആയി ഉയർത്തിയേക്കുമെന്ന് സൂചന. ഹൈബി ഈഡൻ എംപി ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതുസംബന്ധിച്ചു സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ തീരുമാനം ഉടൻ പ്രതീക്ഷിക്കാമെന്നും എംപി കഴിഞ്ഞ ദിവസം അറിയിച്ചു.
സർവീസ് ആരംഭിച്ച് ഏഴുമാസത്തിന് ശേഷമാണ് എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ കോച്ചുകൾ വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓട്ടം തുടങ്ങിയതോടെ ആണ് ബെംഗളൂരുവിലേക്കും വന്ദേ ഭാരത് ആരംഭിക്കണമെന്ന ശക്തമായ ആവശ്യം യാത്രക്കാർ ഉയർത്തിയത്. ഇതേ തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം എറണാകുളം - ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചത്.
കഴിഞ്ഞ വർഷം നവംബർ 11 മുതൽ സർവീസ് ആരംഭിച്ച ട്രെയിൻ, ബെംഗളൂരു മലയാളികൾക്കടക്കം വലിയ ആശ്വാസമാണ്. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 2:20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമം. തൃശൂർ, പാലക്കാട് ജങ്ഷൻ, കോയമ്പത്തൂർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ് ജങ്ഷൻ, സേലം ജങ്ഷൻ, കെആർ പുരം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. ചെയർ കാറിന് 1630 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2995 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽനിന്ന് പുലർച്ചെ 5:10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:50ന് എറണാകുളത്ത് എത്തിച്ചേരും.
ബെംഗളൂരു മലയാളികൾക്ക് അനുകൂലം
അതേസമയം കോച്ചുകളുടെ എണ്ണം കൂട്ടുന്നത് ഓണം അടക്കമുള്ള ഉത്സവസീസണുകളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് എത്തുന്നവർക്ക് ആശ്വാസകരമാകും. ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും തീരുമാനം അനുഗ്രഹമാകും. ബസിന് 12 മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുമ്പോൾ എട്ടുമണിക്കൂറും 40 മിനിറ്റുകൊണ്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് എറണാകുളം - ബെംഗളൂരു യാത്ര പൂർത്തിയാക്കുന്നത്.

